Kerala
തന്ത്രിക്ക് പ്രത്യേക അവകാശമില്ല; കോണ്‍ഗ്രസ്സും ബി ജെ പിയും തന്ത്രിയുടെ വക്കീലുമാര്‍: മന്ത്രി എം ബി രാജേഷ്
കെ ബാബു നടത്തിയത് ഹൈക്കോടതിക്ക് എതിരായ പരാമര്‍ശമാണെന്നും സഭാ രേഖയില്‍ നിന്നു നീക്കണമെന്നും മന്ത്രി പി രാജീവ്
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് അനാവശ്യമായാണെന്ന വാദവുമായി പ്രതിപക്ഷം നിയമസഭയില്‍. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന മറുപടിയുമായി മന്ത്രി എം ബി രാജേഷ്. തന്ത്രിക്ക് രണ്ട് വക്കീലുമാരാണ് പുറത്തുള്ളതെന്നും അത് കോണ്‍ഗ്രസും ബി ജെ പിയുമാണെന്നും എം ബി രാജേഷ് പറഞ്ഞു. സഭയ്ക്കകത്ത് ബിജെപി ഇല്ലാത്തതില്‍ അവര്‍ക്ക് വേണ്ടിയുള്ള തന്ത്രിയുടെ വക്കാലത്ത് കൂടി ഏറ്റെടുത്ത് യു ഡി എഫ് വാദിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.
സഭയില്‍ ഇന്നും പ്രതിപക്ഷം സ്വര്‍ണക്കൊള്ള കേസ് ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചപ്പോള്‍ വാജിവാഹന ക്രമക്കേടും സോണിയാ ഗാന്ധിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചിത്രവും ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധം തീര്‍ത്തത്. അയ്യപ്പ സംഗമം നടത്തിയതിലൂടെ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ദേവസ്വം ബോര്‍ഡ് നിയോഗിച്ച ഓഡിറ്റര്‍ ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലൂടെ തന്നെ തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അതിനെ അനുകൂലിക്കുന്ന വിധത്തിലുള്ള സംശയാസ്പദമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്ന് സഭയില്‍ കെ ബാബു പറഞ്ഞു.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങള്‍ സഭാ നടപടികളില്‍ നിസ്സഹകരിച്ച് വരികയാണ്. ഇന്നും ഞങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കില്ല എന്നറിയിക്കുകയാണ് -കെ ബാബു പറഞ്ഞു. ശബരിമല സ്വര്‍ണം വിറ്റ് പുട്ടടിച്ചവര്‍ എല്ലാം പുറത്താണ്. ശബരിമല തന്ത്രിയെ അനാവശ്യമായി ജയിലിലാക്കി. തന്ത്രിയ്‌ക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞതെന്നും കെ ബാബു പറഞ്ഞു.
കെ ബാബുവിന് പ്രസംഗിക്കാന്‍ ഒരു അവസരം കിട്ടിയതായി കണക്കാക്കിയാല്‍ മതിയെന്ന് മന്ത്രി പി രാജീവ് പരിഹസിച്ചു. അദ്ദേഹം നടത്തിയത് ഹൈക്കോടതിക്ക് എതിരായ പരാമര്‍ശമാണ്. കേസിന്റെ അന്വേഷണത്തില്‍ പൂര്‍ണമായ മേല്‍നോട്ടം ഹൈക്കോടതിക്കാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത് കുറ്റമറ്റ അന്വേഷണമാണെന്നും ശരിയായ ദിശയിലാണെന്നും ഒരു ഓര്‍ഡറിനകത്ത് തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെ ബാബുവിന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.



