Uae
യു എ ഇ:രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ തകർത്തു;സൈബർ സുരക്ഷാ കൗൺസിൽ
പരാജയപ്പെടുത്തിയത് തീവ്രവാദ സ്വഭാവമുള്ള വ്യവസ്ഥാപിത നീക്കങ്ങളെ
അബൂദബി| യു എ ഇയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയും അവശ്യസേവനങ്ങളെയും ലക്ഷ്യമിട്ട് നടന്ന വൻ സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. രാജ്യത്തെ നിർണായക മേഖലകളെ അസ്ഥിരപ്പെടുത്താനും ജനജീവിതത്തെ ബാധിക്കുന്ന സേവനങ്ങൾ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തീവ്രവാദ സ്വഭാവമുള്ള സൈബർ നീക്കങ്ങളെയാണ് ദേശീയ സൈബർ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചത്. വ്യക്തികളുടെ സുരക്ഷ, ഡാറ്റ സംരക്ഷണം, സുപ്രധാന സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത എന്നിവക്കാണ് മുൻഗണന നൽകുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി.
അത്യാധുനികമായ ആക്രമണങ്ങൾ നടത്താനായി സൈബർ ക്രിമിനലുകൾ നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചതായി കൗൺസിൽ നിരീക്ഷിച്ചു. നെറ്റ്്വർക്കുകളിൽ നുഴഞ്ഞുകയറാനും വിവരങ്ങൾ ചോർത്താനുമുള്ള റാൻസംവെയർ വിന്യാസങ്ങൾ, ദേശീയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ടുള്ള ഫിഷിംഗ് പ്രവർത്തനങ്ങൾ എന്നിവ ആക്രമണത്തിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ ആക്രമണങ്ങൾ നടത്തുന്നതിനായി തീവ്രവാദ ഗ്രൂപ്പുകൾ ആധുനിക സാങ്കേതിക വിദ്യകൾ ആർജിക്കുന്നത് പുതിയ വെല്ലുവിളിയാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
ദേശീയ – അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന വിപുലമായ സുരക്ഷാ സംവിധാനമാണ് യു എ ഇയിലുള്ളത്. സംശയാസ്പദമായ സൈബർ നീക്കങ്ങളോ ഭീഷണികളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാവരോടും സൈബർ സുരക്ഷാ കൗൺസിൽ അഭ്യർഥിച്ചു.




