Kerala
കാട്ടാക്കട കുന്നത്തുകാലില്‍ തൊഴിലുറപ്പിനിടെ തെങ്ങ് കടപുഴകി വീണു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
തൊഴിലുറപ്പ് തൊഴിലാളികളായ ചന്ദ്രിക (65), വസന്തകുമാരി (65) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം|കാട്ടാക്കട കുന്നത്തുകാലില്‍ തൊഴിലുറപ്പിനിടെ തെങ്ങ് കടപുഴകി വീണു അപകടം. അപകടത്തില്‍ രണ്ടു മരണം. തൊഴിലുറപ്പ് തൊഴിലാളികളായ ചന്ദ്രിക (65), വസന്തകുമാരി (65) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വിശ്രമിച്ചിരുന്ന രണ്ട് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. കുന്നത്തുകാല്‍ കുന്നൂര്‍ക്കോണം ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. അപകടം നടന്നതിന് തൊട്ടുപിന്നാലെ ചന്ദ്രികയെയും വസന്തകുമാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ പരുക്കേറ്റ മറ്റ് അഞ്ച് തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടുകയായിരുന്നു. ഇവർക്കും പരുക്കുകൾ ഉണ്ട്.
ഏകദേശം അൻപതിലധികം തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാക്കുന്നതിനായാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് കാലപ്പഴക്കം ഉള്ളതായാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.