Connect with us

fishing boat drown

ആലപ്പുഴയിൽ രണ്ട് വള്ളങ്ങൾ മറിഞ്ഞു

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Published

|

Last Updated

ആറാട്ടുപുഴ | അപ്രതീക്ഷിത കാറ്റിലും തിരയിലും പെട്ട് വലിയഴീക്കൽ പൊഴിക്കു സമീപം രണ്ട് കാരിയർ വള്ളങ്ങൾ മറിഞ്ഞു. വള്ളങ്ങളിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തറയിൽക്കടവ് എല്ലാലിക്കിഴക്കതിൽ സുരേഷിന്റെ ഉടമസ്ഥതയിലുളള എല്ലാലിക്കിഴക്കതിൽ, തൃക്കുന്നപ്പുഴ പതിയാങ്കര മത്താത്തറയിൽ ബിനീഷ് ബാബുവിന്റെ ഉടമസ്ഥതയിലുളള ശ്രീബുദ്ധൻ എന്നീ കാരിയർ വള്ളങ്ങളാണ് മറിഞ്ഞത്.

തിങ്കളാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് അപ്രതീക്ഷിതമായി തീരപ്രദേശങ്ങളിൽ അതിശക്തമായ കാറ്റുണ്ടായത്. കാറ്റും കോളും കണ്ട് കരയിലേക്കു തിരിച്ചു കയറുമ്പോഴായിരുന്നു അപകടം. എല്ലാലിക്കിഴക്കതിൽ വളളത്തിൽ നാലും ശ്രീബുദ്ധനിൽ മൂന്നും പേരാണുണ്ടായിരുന്നത്. പിന്നാലെ വന്ന വള്ളങ്ങളാണ് എല്ലാലിക്കിഴക്കതിൽ വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചത്.

തീരദേശ പോലീസാണ് ശ്രീബുദ്ധനിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഈ വള്ളത്തിലെ വിനീഷ്, സുരേഷ്, കണ്ണൻ എന്നീ തൊഴിലാളികൾക്കു പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ കോസ്റ്റൽ വാർഡർ സഞ്ജയ്നും പരുക്കേറ്റു. ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സതേടി.

എല്ലാലിക്കിഴക്കതിൽ വള്ളവും മൂന്ന് എൻജിനുകളും നശിച്ചു. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ശ്രീബുദ്ധൻ വള്ളത്തിന്റെ ഒരു എൻജിനും ജി പി എസ് ഉൾപ്പെടെയുളള സുരക്ഷാ സംവിധാനങ്ങളും നശിച്ചു. രണ്ട് എൻജിന് കേടുപാടുണ്ട്. ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. രണ്ട് വളളങ്ങളും പിന്നീട് വടക്കേക്കരയുടെ തീരത്തടിഞ്ഞു.

Latest