National
കന്യാകുമാരിയില്‍ ടി വി കെയുടെ പ്രചാരണ തരംഗം; അഴിമതി തുടച്ചുനീക്കും, സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കും- വിജയ്
നിലവിലെ സര്‍ക്കാരിനെ വിമര്‍ശിച്ച അദ്ദേഹം, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ടി വി കെ അവതരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
കന്യാകുമാരി| തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് നടന്‍ വിജയ് രംഗത്ത്. സംസ്ഥാനത്തെ അഴിമതികള്‍ അവസാനിപ്പിച്ച് സദ്ഭരണം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി കന്യാകുമാരിയിലെ പ്രചാരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു.
പ്രചാരണത്തിന്റെ ഭാഗമായി മഹാദാനപുരത്ത് എത്തിയ വിജയിയെ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയതും ആവേശം പ്രകടമാക്കിയതും. നിലവിലെ സര്‍ക്കാരിനെ വിമര്‍ശിച്ച അദ്ദേഹം, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ടി വി കെ അവതരിപ്പിക്കുന്ന വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
അതേസമയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് പരമകുടിയും തൂത്തുക്കുടിയും കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍യും കനിമൊഴിയും ഉള്‍പ്പെടെ ഡി എം കെ നേതൃത്വമാണ് ഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടര്‍മാരെ സമീപിക്കുന്നത്.
മറുവശത്ത് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും സജീവമാണ്. സ്ത്രീസുരക്ഷയിലെ വീഴ്ചയും അഴിമതിയും പ്രധാന വിഷയങ്ങളാക്കി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
പരസ്യപ്രചാരണം അവസാനിക്കാന്‍ ഒമ്പത് ദിവസം മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് എല്ലാ മുന്നണികളും ശക്തമായ അവസാന ലാപ്പ് പ്രചാരണത്തിലാണ്.





