Connect with us

International

ഇറാൻ യുദ്ധത്തിൽ സഖ്യകക്ഷികൾ സഹകരിക്കാത്തതിൽ അതൃപ്തി: നാറ്റോ സഖ്യം വിടുമെന്ന് ട്രംപ്

നാറ്റോ ഒരു പേപ്പർ ടൈഗർ മാത്രമാണെന്നും സഖ്യത്തിൽ തുടരുന്ന കാര്യം പുനപരിശോധനകൾക്കും അപ്പുറമാണെന്നുമാണ് ട്രംപിന്റെ നിലപാട്.

Published

|

Last Updated

വാഷിങ്ടൺ | ഇറാൻ സൈനിക നടപടിയിൽ നാറ്റോ സഖ്യകക്ഷികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് സഖ്യത്തിൽ നിന്നും പിന്മാറുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൗരവമായി ആലോചിക്കുന്നു. ദ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാമത്തെ മാസത്തിലേക്ക് കടന്ന ഇറാൻ യുദ്ധത്തിൽ സഖ്യകക്ഷികൾ സ്വീകരിച്ച നിലപാടുകൾ അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.

നാറ്റോ ഒരു പേപ്പർ ടൈഗർ മാത്രമാണെന്നും സഖ്യത്തിൽ തുടരുന്ന കാര്യം പുനപരിശോധനകൾക്കും അപ്പുറമാണെന്നുമാണ് ട്രംപിന്റെ നിലപാട്. ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധം അവസാനിപ്പിക്കാൻ യു എസ് നടത്തിയ നീക്കങ്ങളിൽ സഹകരിക്കാൻ ഒരു യൂറോപ്യൻ രാജ്യവും തയ്യാറായിരുന്നില്ല. സ്പെയിൻ പരസ്യമായി യുദ്ധത്തെ വിമർശിച്ചപ്പോൾ, സ്വിറ്റ്സർലൻഡ് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിൽ നിന്നും യു എസ് യുദ്ധവിമാനങ്ങളെ വിലക്കി. ഇറ്റലിയും ഫ്രാൻസും സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിട്ടുണ്ട്.

യുക്രൈൻ വിഷയത്തിലും നാറ്റോ സഖ്യകക്ഷികൾക്കെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. യുക്രൈൻ പ്രശ്നത്തിൽ അമേരിക്ക സഖ്യകക്ഷികൾക്കൊപ്പം നിന്നെങ്കിലും, ഇറാൻ വിഷയത്തിൽ അവർ തിരിച്ച് സഹകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിലും സൈനിക നടപടിയിൽ ആരും പങ്കുചേരുന്നില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനിൽ തങ്ങൾ സൈനിക വിജയം നേടിയെന്നും അതിനാൽ നാറ്റോയുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രംഗത്തെത്തി. ബ്രിട്ടന്റെ ദേശീയ താത്പര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളേ താൻ കൈക്കൊള്ളുകയുള്ളൂവെന്നും എന്നാൽ അമേരിക്കയുമായുള്ള ദീർഘകാല ബന്ധം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary

US President Donald Trump has expressed strong intentions to withdraw the United States from NATO, labeling the alliance a “paper tiger” due to a lack of support in the ongoing war against Iran. Key allies like Spain, Switzerland, and Italy have restricted airspace or base access, leading to significant friction within the alliance. While Trump claims military success in Iran independently, British Prime Minister Keir Starmer emphasized acting in the UK’s national interest despite the mounting pressure.

---- facebook comment plugin here -----

Latest