International
'ഇറാന്റെ പരമോന്നത നേതാവാകാൻ എന്നെ ക്ഷണിച്ചു'; വിചിത്ര അവകാശവാദവുമായി ഡോണാൾഡ് ട്രംപ്
ഇറാനെതിരെയുള്ള സൈനിക നടപടി വലിയ വിജയമാണെന്നും അവിടെയുള്ള ഭരണകൂടം സമാധാന കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ്
വാഷിംഗ്ടൺ ഡി സി | പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ വിചിത്രമായ അവകാശവാദവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ നേതൃത്വം തന്നെ രാജ്യത്തെ അടുത്ത പരമോന്നത നേതാവാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചെന്നും എന്നാൽ താൻ അത് നിരസിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ പരമോന്നത നേതാവാകാൻ തന്നെക്കാൾ കുറഞ്ഞ താൽപ്പര്യമുള്ള മറ്റൊരു ഭരണാധികാരിയും ലോകത്തുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഒരു റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണ പരിപാടിക്കിടെയാണ് ട്രംപ് ഈ അസാധാരണ അവകാശവാദം ഉന്നയിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇറാനിലെ നിലവിലെ ഭരണ ശൂന്യതയെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടി വലിയ വിജയമാണെന്നും അവിടെയുള്ള ഭരണകൂടം സമാധാന കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ സ്വന്തം ജനതയിൽ നിന്നുള്ള തിരിച്ചടിയും അമേരിക്കയെയും ഭയന്നാണ് അവർ ഇത് പരസ്യമായി പറയാത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം ട്രംപിൻ്റെ അവകാശവാദങ്ങളെ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ചർച്ചകൾ നടക്കുന്നുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ട്രംപ് സ്വന്തത്തോടുതന്നെയാണോ സംസാരിക്കുന്നതെന്നും ഇറാൻ സൈനിക കമാൻഡ് വക്താവ് ഇബ്രാഹിം സൊൽഫാഖാരി ചോദിച്ചു. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി ആണവ പദ്ധതികൾ അവസാനിപ്പിക്കുക, സായുധ സംഘങ്ങൾക്കുള്ള പിന്തുണ പിൻവലിക്കുക തുടങ്ങിയ 15 നിർദ്ദേശങ്ങളടങ്ങിയ വെടിനിർത്തൽ കരാർ വാഷിംഗ്ടൺ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ തങ്ങളുടേതായ അഞ്ച് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാൻ്റെ പരമാധികാര നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ മുജ്തബ ഖാംനഈ അധികാരമേറ്റെങ്കിലും യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
Summary
US President Donald Trump claimed that Iranian leadership informally suggested he become the country’s next Supreme Leader, an offer he flatly rejected. While Trump asserts that “military decimation” has brought Iran to the negotiating table for a ceasefire, Tehran has dismissed his claims as delusional. The situation remains tense as both sides trade conflicting reports regarding a 15-point peace proposal sent via intermediaries.




