Connect with us

cover story

സ്‌മൃതിപഥങ്ങളിലൂടെ

അന്ന് ഗാന്ധിജി ആ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാനായി ഇരുന്ന മേശ, ഗാന്ധി റോഡിൽ സന്മാർഗദർശിനി വായനശാലയിൽ ഇന്നും ഒരമൂല്യ നിധിയായി കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഓരോ ഗാന്ധി ജയന്തി ദിനത്തിലും ഈ ചിരന്തനമായ സ്മാരകങ്ങളെ ഒന്നടുത്തു കാണാൻ അവിടെയെത്തിച്ചേരുന്നവരിൽ പുതു തലമുറയും ഉണ്ടെന്ന് അറിയുമ്പോൾ മനസ്സിൽ ശുഭപ്രതീക്ഷയുടെ ഒരാകാശം തെളിയുന്നുണ്ട്.

Published

|

Last Updated

ഇനിയും പിറക്കാനിരിക്കുന്ന കലിയുഗ കാലങ്ങളിൽ ഒന്നിൽ പോലും കടലെടുക്കാനിടയില്ലാത്ത ഗാന്ധിയൻ തത്ത്വദീക്ഷയെ അരചരരും അനുചരരും പാതിയിൽ ഉപേക്ഷിച്ച, പ്രതിലോമകരമായ വ്യാഖ്യാനങ്ങൾ ചമയ്ക്കപ്പെടുന്ന ദുഷിച്ചുപോയൊരു കാലത്ത്, ബാഹികമായ അടയാള ചിഹ്നങ്ങളെ കാത്തുസൂക്ഷിക്കുന്നു അഥവാ ചേർത്ത് വെക്കുന്നുവെന്നത് ഇഷ്ടത്തിന്റെയും പ്രതിരോധത്തിന്റെയും സമവാക്യങ്ങളാൽ ചേരുംപടി ചേർത്ത് വായിക്കുന്നത് എത്രയോ ആശ്വാസകരമാണ്. അത്തരമൊരു ഓർമയും അടയാളവും കാത്തുസൂക്ഷിക്കാൻ സൗഭാഗ്യം ലഭിച്ചതിന്റെ ചാരിതാർഥ്യം നെഞ്ചേറ്റുന്ന ഒരു വായനശാല കേരളത്തിൽ കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ഗാന്ധിറോഡിലെ സന്മാർഗ ദർശിനി വായനശാല.

ബ്രിട്ടീഷ് ഗവർണർ എഫ് ബി ഈവൻസിന്റെ പേരിലറിയപ്പെട്ടിരുന്ന കോഴിക്കോട് നഗരത്തിൽ നിന്ന് ബീച്ചിലേക്കുള്ള തെരുവ് എങ്ങനെ “ഗാന്ധി റോഡ്’ആയി മാറി എന്നത് വെറുതെ ഒരു നേരന്പോക്കിനായി അന്വേഷിച്ചാൽ മാത്രം മതിയാകും, സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന കഥകളിൽ ഒന്നിന്റെ നോവേറിയ അധ്യായങ്ങളിൽ ഈ നാടും വായനശാലയും ഇടം പിടിച്ച കഥകളും അനാവരണം ചെയ്യപ്പെടും.

1920 ആഗസ്റ്റ് 18, കോഴിക്കോട് കടപ്പുറം, വൈകുന്നേരം 6.30. അന്നാണ്, അസ്തമയ സൂര്യൻ ചെഞ്ചായം പൂശിയ ആ കടപ്പുറത്തെ സാക്ഷിയാക്കി സ്വാതന്ത്ര്യസമരത്തിന്റെ ചൂടും ചൂരും ഏറ്റുവാങ്ങിയ ഈ നഗരത്തെ അഭിസംബോധന ചെയ്യാൻ ആ മഹാത്മാവ് ആദ്യമായി ഇവിടെ വന്നത്. ഒത്തൊരുമിക്കാൻ വിലക്കുകൾ ഏറെയുണ്ടായിരുന്നിട്ടും, എത്തിച്ചേരാനുള്ള വഴിയോരങ്ങളും സൗകര്യങ്ങളും ഏറെക്കുറെ ദുർഘടമായിരുന്നിട്ടും ആ വാക്കുകൾ ശ്രവിക്കാൻ ഒരുമിച്ചു കൂടിയത് ഇരുപതിനായിരത്തിലധികം ആളുകളായിരുന്നു.

1918ൽ എസ് എ ടി റൗലറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 1919ൽ ബ്രിട്ടീഷ് ഇന്ത്യയുടെ നിയമനിർമാണ സഭയായ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയ നിയമനിർമാണം, അതായിരുന്നു റൗലറ്റ് ആക്ട്. ചില രാഷ്ട്രീയ കേസുകൾ ജൂറികളില്ലാതെ വിചാരണ ചെയ്യാനും സംശയിക്കുന്നവരെ വിചാരണ കൂടാതെ തടവിലാക്കാനും നിയമങ്ങൾ അനുവദിച്ചു. ഇതിനെതിരെ നടത്തിയ നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ തേടിക്കൊണ്ട് ഇന്ത്യാ മഹാരാജ്യത്തുടനീളം ഗാന്ധിജി നടത്തിയ യാത്രയുടെ ഭാഗമായാണ് കേരളത്തിലും അന്ന് ഗാന്ധിജി എത്തിച്ചേർന്നത്.

ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനും ഉപ്പ് കുറുക്കൽ സമരത്തിന്റെ ഭാഗമായും നടത്തിയ യാത്രയിൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് മൗലാനാ ഷൗക്കത്തലിയോടൊപ്പം തീവണ്ടി മാർഗം കോഴിക്കോട് എത്തിച്ചേർന്ന ഗാന്ധിജിയെ ഉച്ചക്ക് രണ്ടര മണിക്ക് ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ്പി കെ മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. കെ കേളപ്പൻ, കെ പി കേശവമേനോൻ, മുഹമ്മദ്‌ അബ്ദുർറഹിമാൻ എന്നിവരായിരുന്നു പൊതു യോഗത്തിന്റെ മുഖ്യ സംഘാടകർ.

സ്വദേശി പ്രസ്ഥാനത്തെക്കുറിച്ചും ഇന്ത്യൻ വസ്​തുക്കളുടെ ഉപയോഗത്തെക്കുറിച്ചുമെല്ലാം കോഴിക്കോട് കടപ്പുറത്ത് ഒരുമിച്ചു കൂടിയ ജനങ്ങളോട് അദ്ദേഹം പറഞ്ഞു. കെ. മാധവൻ നായരാണ്​ ഗാന്ധിജിയുടെ പ്രസംഗം അന്ന്​ മലയാളത്തിലേക്ക് തർജമ ചെയ്​തിരുന്നത്. തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങൾ സന്ദർശിച്ചായിരുന്നു ഗാന്ധിയുടെ മടക്കം. അന്ന് കേവലം ഇരുപത് മണിക്കൂർ മാത്രമാണ് അദ്ദേഹം കോഴിക്കോട് ചെലവഴിച്ചത്.
കേരളത്തിൽ ആദ്യമായി എത്തിയത്, അധിനിവേശത്തിന്റെ കറുത്ത ചരിത്രങ്ങൾക്ക് തുടക്കം കുറിച്ച കോഴിക്കോടിന്റെ മണ്ണിൽ തന്നെയായിരുന്നു എന്നത് കേവലം യാദൃച്ഛികമാകാൻ ഇടയില്ല.

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം. 1925 മാർച്ച് എട്ടിന്​ തുടങ്ങി 19 വരെയായിരുന്നു അത്​. അക്കാലത്ത് പിന്നാക്ക വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലൂടെ നടക്കാൻ പോലും അവസരമുണ്ടായിരുന്നില്ല. എല്ലാവർക്കും ക്ഷേത്രപ്രവേശനവും നടക്കാനുള്ള സ്വാതന്ത്ര്യവും ആവശ്യ​െപ്പട്ടുള്ള സത്യഗ്രഹമാണ് നടന്നത്.
ആ യാത്രയിൽ ശ്രീനാരായണഗുരുവുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്​ച ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ തന്നെ കുറിക്കപ്പെട്ടിട്ടുണ്ട്​. തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്ന മഹാവിപത്തിനെക്കുറിച്ചായിരുന്നു ഇരുവരുടെയും മണിക്കൂറുകൾ നീണ്ട ചർച്ച. അന്നത്തെ കോട്ടയം കലക്ടറായിരുന്ന എൻ കുമാരനായിരുന്നു പരിഭാഷകൻ. മധ്യതിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ ഉയർത്താനും ജനങ്ങളിൽ ആത്മവീര്യം നിറക്കാനും ഈ യാത്ര ഏറെ ഉപകാരപ്പെട്ടു.

തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മൂന്നാമത്തെ തവണ കേരളം സന്ദർശിച്ചപ്പോഴാണ് രണ്ടാമതും മഹാത്മാ ഗാന്ധി കോഴിക്കോട് വന്നത്. ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനത്തിന്റെ തുടക്കം തൃശൂരിൽനിന്നായിരുന്നു. അവിടെ അദ്ദേഹം കുട്ടികളുമായി ആശയവിനിമയം നടത്തുകയും സ്വയംപര്യാപ്തത നേടുന്നതിനെക്കുറിച്ച് മാർഗനിർദേശം നൽകുകയും ചെയ്​തു. അവിടെവെച്ച്​ കുട്ടികൾ സ്വന്തം കൈകളാൽ ചർക്കയിൽ വസ്​ത്രം നെയ്യുന്നതും അതൊരു മത്സരമായി സംഘടിപ്പിച്ചതും കണ്ടതിൽ ആഹ്ലാദം പൂണ്ട ഗാന്ധിജിയെ നമുക്ക് ചരിത്ര കൗതുകങ്ങളിൽ നിന്ന് കണ്ടെത്താനാകും.
1934 ജനുവരി 14, കോഴിക്കോട്, വൈകുന്നേരം 5 40. ഒരു നഗരത്തിന്റെയും ആ നഗരത്തിന്റെ ഏതോ ഒരു തെരുവിൽ ആരാലുമറിയപ്പെടാതെ കാലം കഴിക്കേണ്ടി വരുമായിരുന്ന ഓടിട്ട ഒരൊറ്റ മുറിയിൽ സ്ഥിതി ചെയ്യുകയായിരുന്ന ഒരു വായനശാലയുടെയും ശേഷിക്കുന്ന കാലങ്ങളിൽ കരുതലോടെ ലോകത്തിന് മുന്നിലാകെയും ഉയർത്തിക്കാണിക്കാൻ പാകത്തിൽ ഒരു ചരിത്ര നിമിഷം പിറന്ന സുമുഹൂർത്തം കൂടിയാണത്.

ഹരിജന ഉത്ഥാനവും അയിത്തോച്ചാടനവും ലക്ഷ്യമാക്കിയുള്ള യാത്രയിലാണ് വടകരയിൽ വെച്ച് കൗമുദി എന്ന ബാലിക താൻ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ഊരി ഗാന്ധിജിക്ക് സംഭാവനയായി നൽകിയത്. ഇതേ യാത്ര കോഴിക്കോട് കടപ്പുറത്തൊരുക്കിയ പൊതുയോഗത്തിലേക്ക് പോകും വഴിയാണ്, ഈവൻസ് റോഡിന്റെ ഇടതു വശത്തായി ഓടിട്ട ഒറ്റമുറിയിലായി സ്ഥിതി ചെയ്യുന്ന വായനശാലക്ക് സമീപം ചെറുതല്ലാത്ത ഒരാൾക്കൂട്ടം ഗാന്ധിജിയുടെ ശ്രദ്ധയിൽ പെട്ടത്. കാറിൽ നിന്നിറങ്ങി അങ്ങോട്ട് വന്ന ഗാന്ധിജിയെ സന്മാർഗദർശിനി വായനശാലയുടെ പ്രസിഡന്റ്നെല്ലാടത്തു ചോയിക്കുട്ടി മാലയിട്ട് സ്വീകരിച്ചു. അവിടെയുള്ള ഒരു മരമേശയിൽ ഇരുന്നു കൊണ്ട് മഹാത്മാ ഗാന്ധി ആ ആൾക്കൂട്ടത്തെ അഭിമുഖീകരിച്ചു സംസാരിക്കുകയുണ്ടായി. അയിത്തോച്ചാടനത്തിന്റെ പ്രസക്തിയും അനിവാര്യതയും ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഏറ്റവും ആർദ്രമായി അവരെ ബോധിപ്പിച്ചു. അവിടെ നിന്ന് യാത്ര തിരിക്കാനൊരുങ്ങിയ ഗാന്ധിജിക്ക് നൂറ്റൊന്ന് രൂപയുടെ പണക്കിഴി ഹരിജൻ ഫണ്ടിലേക്ക് സംഭാവനയായി നൽകി. ഒപ്പം ഒരു ഭഗവദ്ഗീതയും ഒരു കെട്ട് ഖാദി നൂലും രണ്ട് പുസ്തകങ്ങളും നൽകുകയുണ്ടായി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആദര സൂചകമായി തെരുവുകൾക്ക് മഹാത്മാ ഗാന്ധിയുടെ പേര് നൽകിയിട്ടുണ്ട്. അതെല്ലാം അവിടങ്ങളിലെ ഭരണകൂടം നടത്തിയ ആദരവ് ആണെങ്കിൽ അന്നോളം എഫ് ബി ഈവെൻസിന്റെ പേരിൽ അറിയപ്പെട്ടിരുന്ന തെരുവിന്റെ പേര് മാറ്റി “ഗാന്ധി പോയ റോഡ്’എന്ന് പേരിട്ടു വിളിച്ചത് അവിടുത്തെ ജനങ്ങൾ തന്നെയായിരുന്നു. ക്രമേണ അത് “ഗാന്ധി റോഡ്’ ആയി മാറി.

അന്ന് ഗാന്ധിജി ആ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാനായി ഇരുന്ന മേശ, ഗാന്ധി റോഡിൽ സന്മാർഗദർശിനി വായനശാലയിൽ ഇന്നും ഒരമൂല്യ നിധിയായി കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഓരോ ഗാന്ധി ജയന്തി ദിനത്തിലും ഈ ചിരന്തനമായ സ്മാരകങ്ങളെ ഒന്നടുത്തു കാണാൻ അവിടെയെത്തിച്ചേരുന്നവരിൽ പുതുതലമുറയും ഉണ്ടെന്ന് അറിയുമ്പോൾ മനസ്സിൽ ശുഭപ്രതീക്ഷയുടെ ഒരാകാശം തെളിയുന്നുണ്ട്.

1937 ജനുവരി 12–21. ഇന്ത്യൻ രാഷ്ട്രപിതാവിന്റെ കേരളത്തിലെ അഞ്ചാമത്തെയും ,അവസാനത്തെയും സന്ദർശനം. ഒമ്പത് ദിനരാത്രങ്ങൾ മാത്രം നീണ്ടുനിന്ന ഈ യാത്രയെ ഗാന്ധിജി തന്നെയും വിശേഷിപ്പിച്ചത് “തീർത്ഥ യാത്ര’എന്നായിരുന്നു. തിരുവിതാംകൂറിൽ മാത്രമായിരുന്ന ഈ യാത്രക്കിടെയാണ് അദ്ദേഹം അയ്യൻകാളിയെ കാണുന്നത്. ജനുവരി 21ന് അദ്ദേഹം കൊട്ടാരക്കരയിൽ എത്തുകയും അവിടെയുള്ള കെ എം എം നാരായണൻ നമ്പൂതിരിപ്പാടിന്റെ ക്ഷേത്രം എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുകയും ചെയ്തു.

ആകെ അഞ്ച് തവണ മാത്രം സന്ദർശിച്ച ഈ മലയാള മണ്ണിനേയും ഇന്നാട്ടിലെ ധീര ദേശാഭിമാനികളുടെ പോരാട്ട വീര്യത്തെയും സമരോൽസുകതയെയും ഗാന്ധിജിയും നെഞ്ചിലേറ്റിയിരുന്നു എന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്താളുകളിലൂടെ കടന്നുപോകുമ്പോൾ അഭിമാനത്തോടെ നമുക്ക്, നമ്മൾ മലയാളികൾ ഓരോരുത്തർക്കും വായിച്ചെടുക്കാനാകും.

ഓരോ കാലത്തും ഓരോന്നും മികച്ച പ്രതിരോധമാകുന്ന അവസ്ഥ താനേ രൂപപ്പെട്ടേക്കും, ചോദ്യങ്ങൾ ചോദിക്കുന്ന കാലത്തിൽ നിന്ന് ഒരുപക്ഷെ നാമെത്തിച്ചേരുക മൗനം പോലും കരുത്തുറ്റ പ്രതിരോധമാക്കേണ്ട അഭിശപ്തമായ ഒരു കാലത്തിലായിരിക്കും. സ്മൃതിയും സ്മാരകങ്ങളും അവയർഹിക്കുന്ന ആദരവോടെ കാത്തു സൂക്ഷിക്കുന്നത്, അവയെല്ലാം ഇവിടെ ഉപേക്ഷിച്ചുപോയ ജനതയോട് കാണിക്കുന്ന ആദരവ് മാത്രമല്ല വരാനിരിക്കുന്ന ഒരു തലമുറയോട് കാണിക്കുന്ന നീതിയാണത്. ചരിത്രത്തെയും ചരിത്രപരമായ നിയോഗം നിർവഹിച്ച അടയാളങ്ങളെയും അതേ അസ്തിത്വത്തോടെ നിലനിർത്തുമ്പോൾ മാത്രമേ ഒരു രാജ്യം കടന്നുവന്ന വഴികളും അതെത്തിച്ചേർന്ന പരിണാമ ദശകളും മനസ്സിലാക്കാൻ കഴിയൂ. ആ രാജ്യവും അതിന്റെ മഹത്തായ പാരമ്പര്യവും ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന ആത്മ വിമർശനവും എക്കാലത്തെയും ജീവിച്ചിരിക്കുന്ന ജനതക്ക് സാധ്യമാകാൻ, നമ്മളിനിയും സ്മാരകങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.
.

Latest