Connect with us

Articles

സി ബി ഐ ഡല്‍ഹിയില്‍ തമ്പടിക്കാന്‍ കാരണമുണ്ട്‌

തങ്ങളുടെ ഉരുക്ക് കോട്ടയായ ഗുജറാത്തില്‍ എ എ പി നടത്തുന്ന നീക്കങ്ങളെ തടയിടുക എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന എല്ലാ നീക്കങ്ങളുമെന്നുവേണം അനുമാനിക്കാന്‍. ഹിമാചലിലും എ എ പി ചെറുതല്ലാത്ത പോരാട്ടം നടത്തുമെന്നാണ് കരുതുന്നത്. ഇതിന് തടയിട്ടാല്‍ മാത്രമേ 2024നെ നേരിടാനുള്ള ഊര്‍ജം ബി ജെ പിക്ക് ലഭിക്കുകയുള്ളൂ. നരേന്ദ്ര മോദിയുടെ ജന്മനാട്ടില്‍ ബി ജെ പി പരാജയപ്പെട്ടാല്‍ അത് രാജ്യത്താകെ തിരിച്ചടിക്ക് കാരണമാകുമെന്ന് ബി ജെ പി കരുതുന്നുണ്ട്.

Published

|

Last Updated

അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നത് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും തുടര്‍ച്ചയായി ഉന്നയിക്കുന്ന കാര്യമാണ്. സി ബി ഐ, ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ കൈയിലെ മുഴുവന്‍ ഏജന്‍സികളെയും ദുരുപയോഗം ചെയ്ത്, ബി ജെ പിക്കും മോദി-ഷാ കൂട്ടുകെട്ടിനും ഭീഷണിയാണെന്ന് തോന്നുന്നവര്‍ക്കെതിരെ പ്രയോഗിക്കുന്നുവെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഉന്നയിക്കുന്ന ആരോപണം.

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഇ ഡിയെ ഉപയോഗിച്ച് നടത്തിയ വേട്ട, പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബി ജെ പി ഇതര പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ എന്നിവ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. അതിന്റെ തുടര്‍ച്ചയാണ് ഡല്‍ഹി സര്‍ക്കാറിന്റെ സെക്രട്ടേറിയറ്റിന് മുമ്പില്‍ അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ തമ്പടിച്ച് കൂടിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിനെ അടുത്തിടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയിരിക്കുന്നതും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതും. ഗുജറാത്ത്, ഹിമാചല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജന്‍സികളുടെ എ എ പിയെ ലക്ഷ്യമിട്ടുള്ള നീക്കം. എ എ പി നേതാക്കളെ വേട്ടയാടുന്നതിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എ എ പി ഉയര്‍ത്തുന്ന രണ്ട് വെല്ലുവിളികളെ ബി ജെ പിക്ക് നിഷ്പ്രയാസം നേരിടാനാകും. ആദ്യത്തേത് എ എ പിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകര്‍ക്കുക എന്നതാണ്. രണ്ടാമത്തേത് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എ എ പിയുടെ പ്രചാരണ വേഗത കുറക്കുകയെന്നതുമാണ്.

2012ലെ ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ എന്ന പ്രസ്ഥാനത്തില്‍ നിന്നാണ് എ എ പി എന്ന പാര്‍ട്ടി പിറവിയെടുക്കുന്നത്. യു പി എ കാലത്ത് നടന്ന അഴിമതിക്കെതിരെ ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭമായിരുന്നു ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍. അന്നാ ഹസാരെയായിരുന്നു ഇത് നയിച്ചിരുന്നത്. ജന്‍ ലോക്പാല്‍ ആവശ്യമുയര്‍ത്തിയുള്ള ഈ പ്രസ്ഥാനത്തിന്റെ ശില്‍പ്പികളില്‍ പ്രമുഖരായിരുന്നു അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും.

മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ അഴിമതിക്കെതിരെ ജനവികാരം ഉണ്ടാക്കിയെടുത്തത് ബി ജെ പിയായിരുന്നില്ല, പകരം ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനമായിരുന്നു. 2014ല്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തിലേക്കും നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുമുള്ള പ്രധാന ചവിട്ടുപടികളിലൊന്നായിരുന്നു ഈ അഴിമതി വിരുദ്ധ പ്രക്ഷോഭം. അതിനാല്‍ മനീഷ് സിസോദിയയോട് യഥാര്‍ഥത്തില്‍ കടപ്പെട്ടവനാണ് നരേന്ദ്ര മോദി. അതേസമയം, ഇപ്പോള്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എ എ പി തങ്ങളുടെ രാഷ്ട്രീയ തന്ത്രമായ അഴിമതി വിരുദ്ധത, സൗജന്യ വാഗ്ദാനം എന്നിവ ഉയര്‍ത്തിക്കാട്ടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഇത് ബി ജെ പിയെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എ എ പി നേതാക്കള്‍ അഴിമതിക്കാരാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന 2021-22 കാലത്തേക്കുള്ള മദ്യ നയവുമായി ബന്ധപ്പെട്ടാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ നടപ്പാക്കിയ മദ്യ നയത്തിന്റെ മറവില്‍ ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കി പൊതുപ്രവര്‍ത്തകര്‍ക്കായി പണം വഴിമാറ്റിയെന്നാണ് സി ബി ഐ ആരോപണം. കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ വസതി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. എഫ് ഐ ആറില്‍ ഒന്നാമത്തെയാളാണ് മനീഷ് സിസോദിയ. വിജയ് നായര്‍, അരുണ്‍ രാമചന്ദ്ര പിള്ള എന്നീ മലയാളികളുടെ പേരുകളും എഫ് ഐ ആറിലുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അന്നത്തെ എക്‌സൈസ് കമ്മീഷനര്‍ അര്‍വ ഗോപി കൃഷ്ണ, അന്നത്തെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ ആനന്ദ് തിവാരി, പങ്കജ് ഭട്നാഗര്‍ എന്നിവര്‍ ഡല്‍ഹിയിലെ 2021-22 വര്‍ഷത്തേക്കുള്ള മദ്യ നയവുമായി ബന്ധപ്പെട്ട് ശിപാര്‍ശ ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ടെന്‍ഡറിനു ശേഷം ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കി. ഉന്നത തലത്തില്‍ നിന്നുള്ള അംഗീകാരമില്ലാതെയായിരുന്നു ഈ നടപടികള്‍ എന്നിവയാണ് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നത്. 2021 നവംബറില്‍ കൊണ്ടുവന്ന ഈ മദ്യ നയം വിവാദമായതിനെ തുടര്‍ന്ന് ഈ വര്‍ഷം ആഗസ്റ്റില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേസില്‍ കൂടുതല്‍ നടപടികളിലേക്ക് സി ബി ഐ കടന്നിട്ടുണ്ട്. അന്വേഷണ സംഘം ഉദ്യോഗസ്ഥരെയും മറ്റും ചോദ്യം ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്. സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നത് പോലെ നേരത്തേയും മോദി സര്‍ക്കാര്‍ ഏജന്‍സികള്‍ എ എ പി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. 2015 മുതല്‍ നിരവധി എ എ പി മന്ത്രിമാര്‍ക്കെതിരെയും അവരുടെ സഹായികള്‍ക്കെതിരെയും സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ പല കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ നിരവധി കേസുകള്‍ തെളിവുകളുടെ അഭാവത്തില്‍ സി ബി ഐ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി സര്‍ക്കാറിനും അവരുടെ നേതാക്കള്‍ക്കുമെതിരെ നിരവധി അന്വേഷണങ്ങള്‍ 2016 അവസാനത്തിലും 2017ന്റെ തുടക്കത്തിലുമായി സി ബി ഐ നടത്തിയിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ അന്നത്തെ ഭരണകക്ഷിയായ അകാലിദൾ‍-ബി ജെ പി സഖ്യം പരാജയപ്പെടുമെന്ന ഭയത്താലാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് എ എ പി ആരോപിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എ എ പി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി ഉയരുകയും അകാലിദള്‍-ബി ജെ പി സഖ്യം പരാജയപ്പെടുകയും ചെയ്തു.

പുതിയ സാഹചര്യത്തില്‍, സി ബി ഐ സിസോദിയയെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് എ എ പി കരുതുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു വേണ്ടിയാണ് ഈ നീക്കങ്ങളെല്ലാം നടത്തുന്നതെന്നും എ എ പി വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി എ എ പി ഗുജറാത്തില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലും എ എ പി സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ നല്‍കാന്‍ പോകുന്ന സൗജന്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ എ എ പി നല്‍കിക്കഴിഞ്ഞു. ഗുജറാത്തില്‍ ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും, ആരോഗ്യ സംരക്ഷണ ചെലവ് കുറക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചാണ് എ എ പിയുടെ പ്രചാരണം കൊഴുക്കുന്നത്. കെജ‌്രിവാള്‍ തുടര്‍ച്ചയായി ഗുജറാത്ത് സന്ദര്‍ശനം നടത്തി പ്രചാരണം ശക്തമാക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് എ എ പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നീക്കവും കേന്ദ്രവും ബി ജെ പിയും ചേര്‍ന്ന് നടത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിലെ സൗജന്യ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്നും ഇത്തരം പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് ബി ജെ പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. സൗജന്യ വാഗ്ദാനങ്ങള്‍ക്ക് തടയിടണമെന്നാണ് ഈ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്. തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങളും ജനോപകാരപ്രദമായ വാഗ്ദാനങ്ങളും നല്‍കുന്നത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അതാണ് പലപ്പോഴും സാമ്പത്തിക ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം വാഗ്ദാനങ്ങള്‍ സാമ്പത്തിക ദുരന്തങ്ങളിലേക്ക് നയിക്കും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്. എല്ലാം സൗജന്യമായി നല്‍കലല്ല സാമൂഹിക ക്ഷേമ പദ്ധതിയെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചിരുന്നു. എന്നാല്‍, ആദ്യം സൗജന്യങ്ങള്‍ എന്താണെന്ന് വ്യക്തമായി നിര്‍വചിക്കേണ്ടതുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ഹിമ കോഹ് ലി എന്നിവരടങ്ങിയ ബഞ്ച് നിലപാടെടുത്തത്. വിഷയം ആകെ സങ്കീര്‍ണമാണെന്നും സാര്‍വത്രിക ആരോഗ്യ സംരക്ഷണം, കുടിവെള്ളത്തിന്റെ ലഭ്യത എന്നിവ സൗജന്യമായി കണക്കാക്കാമോ അതോ പൗരന്മാരുടെ അവകാശമാണോയെന്നും ബഞ്ച് ചോദിച്ചിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാറും ബി ജെ പിയും ചേര്‍ന്ന് നടത്തുന്ന നീക്കത്തിനെതിരെ ഡല്‍ഹിയിലെ എ എ പി സര്‍ക്കാറും തമിഴ്നാട്ടിലെ ഡി എം കെയും എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യലിസത്തില്‍ നിന്ന് രാജ്യത്തെ മുതലാളിത്തത്തിലേക്ക് നയിക്കുകയെന്നതാണ് പുതിയ നീക്കത്തിന്റെ ഉദ്ദേശ്യമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ വിയോജിപ്പ് അറിയിച്ച് എ എ പിയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ചുരുക്കത്തില്‍, തങ്ങളുടെ ഉരുക്ക് കോട്ടയായ ഗുജറാത്തില്‍ എ എ പി നടത്തുന്ന നീക്കങ്ങളെ തടയിടുക എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന എല്ലാ നീക്കങ്ങളുമെന്നുവേണം അനുമാനിക്കാന്‍. ഹിമാചലിലും എ എ പി ചെറുതല്ലാത്ത പോരാട്ടം നടത്തുമെന്നാണ് കരുതുന്നത്. ഇതിന് തടയിട്ടാല്‍ മാത്രമേ 2024നെ നേരിടാനുള്ള ഊര്‍ജം ബി ജെ പിക്ക് ലഭിക്കുകയുള്ളൂ. നരേന്ദ്ര മോദിയുടെ ജന്മനാട്ടില്‍ ബി ജെ പി പരാജയപ്പെട്ടാല്‍ അത് രാജ്യത്താകെ തിരിച്ചടിക്ക് കാരണമാകുമെന്ന് ബി ജെ പി കരുതുന്നുണ്ട്. ഈ രാഷ്ട്രീയ കുതന്ത്രമാണ് ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാറിന്റെ സെക്രട്ടേറിയറ്റിന് ചുറ്റം വട്ടം കറങ്ങാന്‍ അന്വേഷണ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്. ഈ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടത് എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ആവശ്യമാണ്. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് ചെയ്യുന്നത് തികച്ചും നിരുത്തരവാദപരമായ നീക്കമാണ്. സിസോദിയക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സിസോദിയയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്സ് രംഗത്തിറങ്ങിയത്. മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അന്വേഷണ ഏജന്‍സിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് മാത്രം അവിടെ കേവല കക്ഷി രാഷ്ട്രീയം കാണുന്നു. അന്വേഷണ ഏജന്‍സികള്‍ ഗാന്ധി കുടുംബത്തിനെതിരെ വരുമ്പോള്‍ മാത്രം എല്ലാ പാര്‍ട്ടികളുടെയും പിന്തുണ തേടുകയും ചെയ്യുന്നു.

---- facebook comment plugin here -----

Latest