Connect with us

Kerala

പൂഞ്ഞാറില്‍ ഇ വി എമ്മില്‍ നിന്നും അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല: ജില്ലാ കലക്ടര്‍

യാതൊരുവിധ സാങ്കേതിക തകരാര്‍ ഇല്ലാത്തതും സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ സഹായകവുമായ വോട്ടിങ് യന്ത്രങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് വരണാധികാരി.

Published

|

Last Updated

പത്തനംതിട്ട | ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ അധികമായി സ്ലിപ്പ് ലഭിച്ചത് പിഴവ് മൂലമല്ലെന്ന് വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ ഏപ്രില്‍ 17 ന് നടന്ന ഇ വി എം കമ്മീഷനിങിലാണ് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചത്.

36ാം നമ്പര്‍ ബൂത്തിലേക്ക് നല്‍കാനുള്ള ഒരു വോട്ടിങ് മെഷീനില്‍ ടെക്‌നീഷ്യന്മാര്‍ ചിഹ്നം ലോഡ് ചെയ്ത് ടെസ്റ്റ് പ്രിന്റ് നല്‍കിയപ്പോള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേര് പ്രിന്റ് ചെയ്തു വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതിനാലും പേപ്പര്‍ കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നതിനാലും ടെസ്റ്റ് പ്രിന്റ് തുടങ്ങിയ ഉടന്‍ ടെക്‌നീഷ്യന്‍ ഇ വി എം സ്വിച്ച് ഓഫ് ചെയ്തു. ഈ സമയം ബാലറ്റിലെ ആദ്യ സ്ഥാനാര്‍ഥിയായ ബി ജെ പി സ്ഥാനാര്‍ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് മെഷീന്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ സ്ലിപ്പ് കട്ട് ചെയ്തു വീണില്ല. തുടര്‍ന്ന് ഒമ്പത് വോട്ടുകള്‍ മോക്ക്‌പോള്‍ നടത്തിയപ്പോള്‍ ഒമ്പത് പേപ്പര്‍ സ്ലിപ്പിനോടൊപ്പം ആദ്യത്തെ ടെസ്റ്റ് പ്രിന്റിന്റെ പേപ്പര്‍ സ്ലിപ്പ് കട്ട് ചെയ്തു വി വി പാറ്റിന്റെ ട്രേയില്‍ വീണിരുന്നു. ഈ ടെസ്റ്റ് ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടഡ് എന്ന് വ്യക്തായി രേഖപ്പെടുത്തിരുന്നു.

കണ്‍ട്രോള്‍ യൂണിറ്റില്‍ ആകെ വോട്ട് ഒമ്പതെന്നും തുടര്‍ന്ന് ഓരോ സ്ഥാനാര്‍ഥിക്കും ഒരു വോട്ടു വീതം ലഭിച്ചതായും (നോട്ട ഉള്‍പ്പെടെ) പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇതേ മെഷീനില്‍ 1004 വോട്ടുകള്‍ മോക്‌പോള്‍ നടത്തിയപ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ആകെ വോട്ടുകളുടെ എണ്ണവും പേപ്പര്‍ സ്ലിപ്പുകളുടെ എണ്ണവും യോജിച്ചുവന്നിരുന്നു. ആദ്യം മോക്‌പോള്‍ നടത്തിയപ്പോള്‍ ഒമ്പത് ബാലറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം ഉള്ളതും പത്താമത്തെ ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടഡ് എന്ന മേലെഴുത്തും ഉണ്ടായിരുന്നു. അത് കൗണ്ടിംഗിന് ഉപയോഗിക്കില്ല.

എല്ലാ പ്രാവശ്യവും മോക്‌പോള്‍ നടത്തിയപ്പോള്‍ പോള്‍ ചെയ്ത ആകെ വോട്ടും കണ്‍ട്രോള്‍ യൂണിറ്റിലെ ആകെ വോട്ടും തുല്യമായി വന്നിട്ടുള്ളത് അവിടെ ഉണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഇത് ബോധ്യപ്പെട്ടിരുന്നു. യാതൊരുവിധ സാങ്കേതിക തകരാര്‍ ഇല്ലാത്തതും സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ സഹായകവുമായ വോട്ടിങ് യന്ത്രങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വരണാധികാരി അറിയിച്ചു.