Connect with us

From the print

കോട്ട തിരിച്ചുപിടിക്കാൻ യാദവ കുടുംബം ഒറ്റക്കെട്ട്

"യാദവ' കുടുബം പിണക്കങ്ങൾ പറഞ്ഞുതീർത്ത് ഒന്നിച്ചതോടെ പിതൃ സഹോദരൻ ശിവപാൽ സിംഗിന്റെ മകൻ ആദിത്യ യാദവാണ് സമാജ്‌വാദി പാർട്ടിക്ക് വേണ്ടി സൈക്കിൾ ചിഹ്നത്തിൽ ഇവിടെ കളത്തിലിറങ്ങുന്നത്.

Published

|

Last Updated

ഉത്തർപ്രദേശിലെ യാദവ സമുദായത്തിന്റെ കോട്ടകളിലൊന്നാണ് ബദൗൻ ലോക്‌സഭാമണ്ഡലം. അഖിലേഷ് യാദവിന്റെ “യാദവ’ കുടുബം പിണക്കങ്ങൾ പറഞ്ഞുതീർത്ത് ഒന്നിച്ചതോടെ പിതൃ സഹോദരൻ ശിവപാൽ സിംഗിന്റെ മകൻ ആദിത്യ യാദവാണ് സമാജ്‌വാദി പാർട്ടിക്ക് വേണ്ടി സൈക്കിൾ ചിഹ്നത്തിൽ ഇവിടെ കളത്തിലിറങ്ങുന്നത്. ആദിത്യ യാദവിന്റെ കന്നി മത്സരമാണിത്.

2009 മുതൽ 2019 വരെ ബദൗൻ മണ്ഡലത്തിലെ എം പിയും മുലായം സിംഗിന്റെ മറ്റൊരു സഹോദരന്റെ മകനുമായ ധർമേന്ദ്ര യാദവിനെ മറ്റൊരു യാദവകോട്ടയായ അസംഗഢിലേക്ക് മാറ്റിയാണ് ആദിത്യ യാദവിന് കന്നി മത്സരത്തിന് അവസരം നൽകിയിരിക്കുന്നത്. ധർമേന്ദ്ര യാദവിനെ മാറ്റി ശിവപാൽ യാദവിന് സീറ്റ് നൽകാനാണ് സമാജ്‌വാദി പാർട്ടി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഏറ്റവും ഒടുവിലായി ശിവപാലിന്റെ മകൻ 35കാരനായ ആദിത്യ യാദവിന് നറുക്ക് വീണതായി അഖിലേഷ് പ്രഖ്യാപനം നടത്തി.

മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പിലേക്ക് പോകുന്ന ബദൗൻ മണ്ഡലത്തിൽ 40 ശതമാനവും യാദവ വോട്ടുകളാണ്. 20 ശതമാനം മുസ്‌ലിം വോട്ടുകളും 20 ശതമാനം യാദവ ഇതര ഒ ബി സി വോട്ടുകളും ഉൾക്കൊള്ളുന്നു. ശേഷിക്കുന്ന 20 ശതമാനം വോട്ടുകൾ ദളിത് വിഭാഗങ്ങളും ഉയർന്ന ജാതി വിഭാഗങ്ങളും പങ്കുവെക്കുന്നു. 1996 മുതൽ സമാജ്‌വാദി പാർട്ടി കൈവശം വെച്ചിരുന്ന ബദൗൻ ലോക്‌സഭാ മണ്ഡലം യാദവ കുടുബം ഭിന്നിച്ച് മത്സരിച്ച 2019ൽ ബി ജെ പി പിടിച്ചെടുത്തു. രണ്ട് ശതമാനം വോട്ടിന് സിറ്റിംഗ് എം പിയായിരുന്ന ധർമേന്ദ്ര യാദവാണ് പരാജയപ്പെട്ടത്.

അന്ന് ബി ജെ പിയിലായിരുന്ന പിന്നീട് എസ് പിയിലേക്ക് കൂടുമാറിയ സ്വാമി പ്രസാദ് മൗര്യയുടെ മകൾ സംഘമിത്ര മൗര്യയാണ് ധർമേന്ദ്രയെ പരാജയപ്പെടുത്തിയത്. എന്നാൽ, ഇക്കുറി ഇത് തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എസ് പിക്കുണ്ട്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ്സ് കൂടി ചേർന്നതോടെ വിജയം തീർച്ചയാണെന്ന് എസ് പി നേതാക്കൾ പറയുന്നു. 2019ൽ ഇവിടെ കോൺഗ്രസ്സ് സ്ഥാനാർഥി സലീം ഇഖ്ബാൽ ശർവാനി 4.80 ശതമാനം വോട്ട് പിടിച്ചിരുന്നു. ബദൗൻ ലോക്‌സഭാ മണ്ഡലം ഉൾക്കൊള്ളുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നും സമാജ്‌വാദി പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളവയാണ്. രണ്ട് മണ്ഡലങ്ങളിൽ ബി ജെ പിയാണ് മുന്നിൽ.

യാദവ വോട്ടുകൾ ഏകീകരിച്ചാൽ മാത്രം വിജയം നേടാനാകുന്ന മണ്ഡലമാണ് ബദൗനെന്നും മുസ്‌ലിം വോട്ടുകൾ കൂടി സമാജ് വാദി പാർട്ടിയുടെ പെട്ടിയിൽ വീഴുമെന്നും എസ് പി നേതാക്കൾ പറയുന്നു. യാദവ കുടുംബത്തിലെ ഇളയ അംഗമായ ആദിത്യ യാദവിന്റെ കന്നി പോരാട്ടം വിജയത്തിലെത്തുമെന്നും എസ് പി നേതാക്കൾ വിലയിരുത്തുന്നു. യാദവ കുടുംബത്തിലെ ഒന്നിലധികം പേർ മത്സര രംഗത്തുണ്ട്. അസംഗഢിൽ നിന്നാണ് ധർമേന്ദ്ര മത്സരിക്കുന്നത്.

അഖിലേഷിന്റെ ഭാര്യയും സിറ്റിംഗ് എം പിയുമായ ഡിംപിൾ യാദവ് പാർട്ടിയുടെ ഉറച്ച കോട്ടയായ മെയിൻപുരിയിൽ മത്സരിക്കുന്നു. മുതിർന്ന എസ് പി നേതാവും അഖിലേഷിന്റെ പിതൃസഹോദരനുമായ രാംഗോപാൽ യാദവിന്റെ മകൻ അക്ഷയ് ഫിറോസാബാദിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥിയാണ്. എസ് പിയുടെ മറ്റൊരു കോട്ടയായ കനൗജിൽ നിന്ന് അഖിലേഷ് മത്സരിക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നു.

Latest