Connect with us

kozhikode beach

ലോകം നോക്കുന്നു, കോഴിക്കോട്ടേക്കും; കണ്ടിരിക്കേണ്ട പൊതു മ്യൂസിയങ്ങളില്‍ ഒന്നായി ഫ്രീഡം സ്‌ക്വയറും

ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ആറ് പൊതു മ്യൂസിയങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറും

Published

|

Last Updated

കോഴിക്കോട് | ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ആറ് പൊതു മ്യൂസിയങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറും. കോഴിക്കോട് നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ബീച്ചും നവീകരിച്ചപ്പോള്‍ സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള സമര്‍പ്പണമായാണ് ഫ്രീഡം സ്‌ക്വയര്‍ നിര്‍മ്മിച്ചത്. എ പ്രദീപ് കുമാര്‍ എം എല്‍ എ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എം എല്‍ എയായിരിക്കവെ അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് ഈ ഫ്രീഡം സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്.

ലോകത്ത് എല്ലായിടത്തുനിന്നുമുള്ള ആര്‍കിടക്റ്റുകളുടെ പ്ലാറ്റ്‌ഫോമായ ആര്‍കിടെക്ച്യുര്‍ ഡിസൈന്‍ ഡോട്ട് ഇന്‍ എന്ന വെബ് സൈറ്റിലാണ് ഡല്‍ഹിയിലെ ചെങ്കോട്ട ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ക്കൊപ്പം കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയറും ഉള്‍പ്പെട്ടത്. ലക്‌നോയിലെ മ്യൂസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചില്‍ഡ്രന്‍സ് മ്യൂസിയം ചൈനയിലെ ഇംപീരിയല്‍ ക്ലിന്‍ മ്യൂസിയം, നെതര്‍ലാന്‍ഡിലെ ആര്‍ട്ട് ഡിപ്പോ എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ചരിത്രമുറങ്ങുന്ന കോഴിക്കോട് ബീച്ചില്‍ നേരത്തെ സ്വാത്രന്ത്യ സമരത്തിന്റെ ഭാഗമായി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയടക്കം ഒട്ടനവധി ചരിത്ര നേതാക്കള്‍ വന്ന് സംസാരിച്ച ഒരു ഓപ്പണ്‍ സ്റ്റേജ് നേരത്തേ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു. ആവശ്യമായ ശ്രദ്ധ കിട്ടാതെ ഈ ഓപ്പണ്‍ സ്റ്റേജ് നശിച്ചുകൊണ്ടിരിക്കവെ, കോഴിക്കോട് നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അന്നത്തെ എം എല്‍ എ എ പ്രദീപ് കുമാര്‍ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം കണ്ടെത്തി ഓപ്പണ്‍ സ്റ്റേജ് നവീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ കേവലം ഓപ്പണ്‍ സ്റ്റേജായി തന്നെ നവീകരിക്കുന്നതിന് പകരമായി കൂടുതല്‍ എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിന് പുറത്താണ് നഗരത്തിന്റെ തന്നെ മുഖമായി മാറ്റുന്ന തരത്തില്‍ ഇവിടെ ഫ്രീഡം സ്‌ക്വയറായി അവതരിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഉപ്പുസത്യാഗ്രഹത്തിനെതിരെ ബ്രിട്ടീഷ് പോലീസിന്റെ അടിച്ചമര്‍ത്തല്‍ നടപടിയായി ലാത്തി ചാര്‍ജ്ജ് ഉണ്ടായപ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബും പി കൃഷ്ണപിള്ളയും ഉള്‍പ്പെടുന്ന പ്രമുഖര്‍ ലാത്തിയടിയേറ്റ് വീണിട്ടും ഇടറാതെ പോരാടിയതിന്റെ ഓര്‍മ്മക്കായാണ് ഇവിടെ ഫ്രീഡം സ്‌ക്വയര്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. ഇതിന് പുറമെ, ചൈനീസ് കച്ചവടക്കാരുടെ നഗരത്തിലേക്കുള്ള വരവ് മുതല്‍ ഇന്ന് വരെയുള്ള പ്രധാനചരിത്ര സംഭവങ്ങള്‍ ഉള്‍പ്പെടുത്തി ഹിസ്റ്ററി വാക്ക് എന്നൊരു ആശയവും ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇപ്പോള്‍ പൂര്‍ത്തിയക്കിയിരിക്കുന്ന നവീകരണ പ്രവര്‍ത്തിയോടെ അവസാനിക്കുന്നതല്ല ഇവിടത്തെ സൗന്ദര്യവത്കരണമെന്നും നഗരത്തിലെത്തുന്ന ഓരോ കലാകാരനും കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ പാകത്തിലാണ് ഇതിന്റെ നിര്‍മ്മാണമെന്നും രൂപകല്‍പന ചെയ്തവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഡി എര്‍ത്ത് എന്ന സ്ഥാപനത്തിലെ ആര്‍കിടെക്ടുകളായ വിനോദ് സിറിയക്, പി പി വിവേക് എന്നിവര്‍ ചേര്‍ന്നാണ് ഫ്രീഡം സ്‌ക്വയര്‍ രൂപകല്‍പന ചെയ്തത്. ശില്‍പകാരന്‍ യദു നിര്‍മ്മിച്ച മനോഹരമായൊരു ശില്‍പവും ഇവിടെയുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഇതിന് മുമ്പും ഫ്രീഡം സ്‌ക്വയര്‍ നിരവധി അന്താരാഷ്ട്രാ ജേണലുകളില്‍ ഇടം പിടിച്ചിരുന്നു. ചൈനീസ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ആര്‍ക്‌ഡെയിലി വെബ് സൈറ്റിടക്കം വിവിധ ജേണലില്‍ മുമ്പ് വന്ന ഫീച്ചറുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആര്‍കിടെക്ച്യൂര്‍ ഡിസൈന്‍ ഡോട് ഇന്‍ എന്ന വെബ്‌സൈറ്റ് ആറ് മ്യൂസിയങ്ങളുടെ പട്ടിക തയ്യാറാക്കിയത്.