From the print
ലോക മുത്തശ്ശി 117ാം വയസ്സിൽ വിടവാങ്ങി
അവർ ആഗ്രഹിച്ച പോലെ ഉറക്കത്തിൽ, സമാധാനപരമായും വേദനയില്ലാതെയുമായിരുന്നു മരണം
മാഡ്രിഡ് | ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കുന്ന മരിയ ബ്രന്യാസ് (117) അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ സ്പെയിനിലെ നഴ്‌സിംഗ് ഹോമിലായിരുന്നു മരണമെന്ന് അവരുടെ തന്നെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ബന്ധുക്കൾ അറിയിച്ചു.
“മരിയ ബ്രന്യാസ് ഞങ്ങളെ വിട്ടുപോയി. അവർ ആഗ്രഹിച്ച പോലെ ഉറക്കത്തിൽ, സമാധാനപരമായും വേദനയില്ലാതെയുമായിരുന്നു മരണം’- എക്സ് പോസ്റ്റിൽ പറയുന്നു. ഇക്കാര്യം നഴ്‌സിംഗ് ഹോം അധികൃതരും സ്ഥിരീകരിച്ചു.
117 വയസ്സ് പൂർത്തിയാക്കിയതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ 12ാമത്തെ വ്യക്തിയായി മരിയ മാറിയിരുന്നു. 122 വർഷവും 164 ദിവസവും ജീവിച്ച ഫ്രഞ്ച് വനിത ജീൻ കാൽമെന്റാണ് എക്കാലത്തെയും പ്രായം കൂടിയ വ്യക്തി. ഗ്വിന്നസ് ലോക റെക്കോർഡ് പ്രകാരം, കഴിഞ്ഞ മാർച്ച് നാലിനാണ് മരിയക്ക് 117 വയസ്സ് തികഞ്ഞത്. 2023 ജനുവരിയിൽ തന്നെ അവർ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരുന്നു.
1907ൽ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ ജനിച്ച മരിയ ഏഴ് വയസ്സുള്ളപ്പോഴാണ് സ്പാനിഷ് കുടുംബത്തോടൊപ്പം കാറ്റലോണിയയുടെ വടക്കുകിഴക്കൻ പ്രദേശത്തേക്ക് താമസം മാറ്റിയത്. 1936-39ലെ ആഭ്യന്തര യുദ്ധവും നൂറ്റാണ്ടിലെ രണ്ട് മഹാമാരികളും (1918ലെ സ്പാനിഷ് ഫ്ലൂ, 2020- 2021ലെ കൊവിഡ്) അതിജീവിച്ചാണ് മരിയ ഒടുവിൽ വിടവാങ്ങുന്നത്.



