Connect with us

From the print

കാത്തിരിപ്പ് വിഫലം; ആ ശബ്ദം ഇനിയില്ല

നാല് മാസത്തിലേറെയായി തുടരുന്ന അധിനിവേശ ഇരയുടെ മുഖമായി അവൾ മാറി.

Published

|

Last Updated

ഗസ്സ | “എനിക്ക് ഭയമാകുന്നു. എന്നെ വന്ന് കൊണ്ടുപോകുമോ?’ ഇസ്‌റാഈൽ യുദ്ധ ടാങ്കുകൾക്ക് മുന്നിൽ നിന്ന് സഹായം അഭ്യർഥിച്ച ഫലസ്തീനിലെ അഞ്ച് വയസ്സുകാരി റജബ് ഇനി ജീവൻ തുടിക്കുന്ന ഓർമ. ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അവളുടെ മൃതദേഹം ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. നാല് മാസത്തിലേറെയായി തുടരുന്ന അധിനിവേശ ഇരയുടെ മുഖമായി അവൾ മാറി.

ആക്രമണം രൂക്ഷമായ വടക്കൻ ഗസ്സയിൽ നിന്ന് കാറിൽ ബന്ധുക്കൾക്കൊപ്പം പലായനം ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബ് തെക്കുപടിഞ്ഞാറൻ ഗസ്സയിലെ താൽ അൽ ഹവ പ്രദേശത്ത് വെച്ച് ഇസ്‌റാഈൽ സൈന്യത്തിന് മുന്നിൽ പെടുന്നത്. സുരക്ഷിതമെന്ന് കരുതിയ അൽ അഹ്‌ലി ആശുപത്രിയിൽ അഭയം തേടാമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര.
ജനുവരി 29നാണ് ഭയന്നുവിറച്ചുള്ള കുഞ്ഞുശബ്ദം ഫലസ്തീൻ റെഡ് ക്രസന്റ്സൊസൈറ്റി (പി ആർ സി എസ്) കേന്ദ്രത്തിൽ ലഭിക്കുന്നത്. റജബിനൊപ്പമുണ്ടായിരുന്ന 15 വയസ്സുള്ള ലയാൻ ആണ് സഹായം അഭ്യർഥിച്ച് വിളിച്ചത്. വെടിയൊച്ചകൾക്കിടയിൽ നിന്നുള്ള വിറയാർന്ന ശബ്ദം റെഡ് ക്രസന്റ് അധികൃതർ റെക്കോർഡ് ചെയ്യുകയായിരുന്നു.

“അവർ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു. ടാങ്ക് എന്റെ തൊട്ടടുത്താണ്. ഞങ്ങൾ കാറിലാണ്’- എന്നായിരുന്നു ആദ്യം വിളിച്ച ലയാൻ പറഞ്ഞത്. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷമായിരുന്നു റജബിന്റെ ശബ്ദം വെടിയൊച്ചകൾക്കിടയിൽ നിന്ന് റെഡ് ക്രസന്റിന് ലഭിച്ചത്.
റജബിനൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും കുട്ടിയെ രക്ഷിക്കാനിറങ്ങിയ പാരാ മെഡിക്കൽ ജീവനക്കാരും ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ച് മൃതദേഹങ്ങളാണ് റജബിന്റെ വിറങ്ങലിച്ച ശരീരത്തിന് സമീപത്ത് നിന്ന് ലഭിച്ചത്. രക്ഷാപ്രവർത്തനത്തിന് പോയ ആംബുലൻസ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Latest