Connect with us

Kerala

വോട്ടുകൾ പറന്നുവരുന്നു

പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ സജീവ നീക്കങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ

Published

|

Last Updated

പാലക്കാട് | നിയമസഭാ തിരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ സജീവ നീക്കങ്ങൾ ആരംഭിച്ച് രാഷ്ട്രീയ പാർട്ടികൾ. വിമാന ടിക്കറ്റുകളുടെ വില കുത്തനെ ഉയർന്നതും സീറ്റുകളുടെ ലഭ്യത കുറഞ്ഞതുമാണ് എൻ ആർ ഐ വോട്ടർമാരുടെ പങ്കാളിത്തം കുറയുമെന്ന ആശങ്ക ഉയർത്തിയത്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഉയർന്ന യാത്രാ ചെലവും പരിഗണിച്ച് ചാർട്ടേഡ് വിമാന സർവീസുകൾ ഒരുക്കുന്നതിനെക്കുറിച്ച് പാർട്ടീ തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതായി നേതാക്കൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ ആകെ 2.69 കോടി വോട്ടർമാരിൽ 2.23 ലക്ഷം പേർ വിദേശത്താണ്. പല മണ്ഡലങ്ങളിലും വിജയ പരാജയം നിർണയിക്കാൻ ഈ പ്രവാസി വോട്ടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

മലബാർ മേഖലയിലാണ് പ്രവാസി വോട്ടർമാരുടെ സാന്നിധ്യം കൂടുതലുള്ളത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിൽ മാത്രം 16,002 പ്രവാസി വോട്ടർമാരുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ സി പി എം സ്ഥാനാർഥിയായ കെ പി കുഞ്ഞഹമ്മദ് കുട്ടി ലീഗ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയെ വെറും 333 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. നാദാപുരം മണ്ഡലത്തിൽ 12,424 പ്രവാസി വോട്ടർമാരുള്ളതിനാൽ അവിടെയും ഇവരുടെ സ്വാധീനം നിർണായകമാണ്. കഴിഞ്ഞ തവണ സി പി ഐയിലെ ഇ കെ വിജയൻ കോൺഗ്രസ്സ് സ്ഥാനാർഥി പ്രവീൺകുമാറിനെ 4,035 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

ഗൾഫ് മേഖലയിലെ മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് പദ്ധതി. എന്നാൽ ബന്ധപ്പെട്ട രാജ്യങ്ങളുടെ അനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വെല്ലുവിളിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ എൻ ആർ ഐ വോട്ടർമാരിൽ ഭൂരിഭാഗവും കോഴിക്കോട് (57,679), കണ്ണൂർ (52,163), മലപ്പുറം (39,501) ജില്ലകളിലാണ്. ഇവർക്ക് വോട്ട് ചെയ്യാൻ, നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം പല മണ്ഡലങ്ങളുടെയും അന്തിമഫലത്തെ ബാധിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

---- facebook comment plugin here -----

Latest