Connect with us

First Gear

യു എ ഇ നിർമ്മിത വൈദ്യുതി കാർ അടുത്ത മാസം നിരത്തിലിറങ്ങും

ഇലക്ട്രിക് കാറിന് 160 കിലോമീറ്റർ വേഗത കൈവരിക്കാനും ഒറ്റ ചാർജിൽ 405 കിലോമീറ്ററിലധികം സഞ്ചരിക്കാനും കഴിയും.

Published

|

Last Updated

അബുദബി | യു എ ഇ നിർമ്മിത ഇലക്ട്രോണിക് കാർ അൽ ദമാനി ഡി എം വി 300 ആദ്യ ബാച്ച് ജൂൺ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് കാറിന് പിന്നിൽ പ്രവർത്തിച്ച സ്വദേശി ബിസിനസുകാരിയും എം ഗ്ലോറി ഹോൾഡിംഗ് ഗ്രൂപ്പ് ചെയർവുമണുമായ ഡോ മജിദ അലസാസി അബുദബിയിൽ നടന്ന ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിയിൽ പറഞ്ഞു.

ഇലക്ട്രിക് കാറിന് 160 കിലോമീറ്റർ വേഗത കൈവരിക്കാനും ഒറ്റ ചാർജിൽ 405 കിലോമീറ്ററിലധികം സഞ്ചരിക്കാനും കഴിയും. ദുബൈ വ്യവസായ നഗരിയിൽ നിർമ്മിക്കുന്ന (ഡിഐസി) ഫാക്ടറി 2024-ഓടെ പൂർത്തിയാകും. പ്രധാന ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ പ്രധാന ഫാക്ടറിയിൽ നിന്ന് അകലെയുള്ള താൽക്കാലിക ഫാക്ടറിയിൽ നിന്നും ഡി എം വി 300 നിർമ്മാണം ആരംഭിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിൽ കാർ നിർമ്മിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രത്തിന് ഈ വർഷം മാർച്ചിലാണ് ഡിഐസിയിൽ തറക്കല്ലിട്ടത് അവർ കൂട്ടിച്ചേർത്തു.

ഞാനും എന്റെ ടീമുമാണ് കാർ നിർമ്മാണത്തിന് പിന്നിൽ. എന്റെ ടീമിനെക്കുറിച്ച് ഞാൻ വളരെ സെലക്ടീവായിരുന്നു. ആസ്റ്റൺ മാർട്ടിൻ, ജനറൽ മോട്ടോഴ്‌സ് തുടങ്ങിയ മുൻനിര കമ്പനികളിൽ നിന്ന് മികച്ചതും കഴിവുള്ളതുമായ ആളുകളെയാണ് ഞാൻ തിരഞ്ഞെടുത്തത് ഡോക്ടർ മജിദ പറഞ്ഞു. യുഎഇ സർവകലാശാലയിൽ നിന്ന് സപ്ലൈ ചെയിൻ മാനേജ്‌മെന്റിലും മാനുഫാക്ചറിംഗിലും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പ്രായോഗിക ഡോക്ടറേറ്റ് നേടിയ ആദ്യത്തെ സ്വാദേശി വനിതയാണ് ഡോ മജിദ.

വ്യാവസായിക മേഖലയിൽ കണ്ടുപിടിത്തക്കാരിയാകാനുള്ള അവരുടെ അഭിനിവേശത്തെത്തുടർന്ന്, അവർ തുറന്ന ഓട്ടോമോട്ടീവ് ഫാക്ടറിയാണ് സാൻഡ്സ്റ്റോം മോട്ടോർ വെഹിക്കിൾസ് മാനുഫാക്ചറിംഗ്. എം ഗ്ലോറി ഹോൾഡിംഗ് ഗ്രൂപ്പിന് കീഴിൽ കൂടുതൽ സുസ്ഥിരമായ പദ്ധതികൾ ചെയ്യാൻ ഞങ്ങൾ ഇപ്പോൾ പദ്ധതിയിടുന്നു. കാറിന്റെ 25 ശതമാനത്തോളം ഭാഗങ്ങളും പ്രാദേശിക വിപണിയിൽ നിന്നുള്ളതാണ്. താമസിയാതെ ഈ ശതമാനം ക്രമേണ വർദ്ധിപ്പിക്കാൻ കഴിയും. ഇലക്ട്രിക് കാറുകൾക്കായി ഇതിനകം ആയിരക്കണക്കിന് ഓർഡറുകൾ ലഭിച്ചതായി മജിദ ചൂണ്ടിക്കാട്ടി.

താൽക്കാലിക ഫാക്ടറിയിൽ നിന്ന് പ്രതിദിനം 8 മുതൽ 10 വരെ കാറുകളും പ്രതിവർഷം 10,000 കാറുകൾ നിർമ്മിക്കാൻ കഴിയും. പ്രധാന ഫാക്ടറി തയ്യാറായിക്കഴിഞ്ഞാൽ, പ്രതിവർഷം 50,000 മുതൽ 70,000 വരെ കാറുകൾ ഉത്പാദിപ്പിക്കാൻ പ്രാപ്തമാകും. കാറുകൾ വേഗത്തിൽ ചാർജ് ചെയ്യുന്നതിന് അതി വേഗ ചാർജർ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടെന്നും അവർ കൂട്ടി ചേർത്തു.

---- facebook comment plugin here -----

Latest