Connect with us

ചെന്നൈ | ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പ്രളയ സാഹചര്യത്തിന്റെ കെടുതികള്‍ നേരിടുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയും പരിസര പ്രദേശങ്ങളും. 2018 മുതല്‍ തുടര്‍ച്ചയായി കനത്ത മഴയെത്തുടര്‍ന്നുള്ള കെടുതികള്‍ അനുഭവിക്കുന്ന നാം മലയാളികള്‍ക്ക് ആ നിമിഷങ്ങൡലെ നിസ്സഹായവസ്ഥയും സഹായ ഹസ്തങ്ങളുടെ കാരുണ്യവും പ്രത്യേകം പറഞ്ഞ് പഠിപ്പക്കേണ്ടതില്ല. അതുകൊണ്ട് തന്നെയാണ് അയല്‍ സംസ്ഥാനം കടന്നുപോകുന്ന മോശം സമയത്തെ നമ്മള്‍ ഉറ്റ് നോക്കികൊണ്ടിരിക്കുന്നതും നല്ലത് മാത്രം പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്.

മനുഷ്യരെ വിഭജിച്ച് നിര്‍ത്തുന്ന യാതൊരു അതിരിന്റേയും കെട്ടുപാടുകള്‍ ഇല്ലാതെ മനുഷ്യനും മനുഷ്യത്വവും മാത്രം ബാക്കിയാവുന്ന ഇടങ്ങളാണ് ഇത്തരം ദുരന്ത മുഖങ്ങള്‍. അത്തരത്തില്‍, ഏറ്റവും അനുയോജ്യമായൊരു സമയത്ത്, ഇടത്ത്, മാനസിക ബലത്തിന്റേയും മാനുഷിക പരിഗണനയുടേയും പ്രകടനം കൊണ്ട് മാത്രം പ്രശംസിക്കപ്പെടുകയാണ് തമിഴ്‌നാട്ടിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരി.

കനത്ത മഴയെത്തുടര്‍ന്ന് മരം വീണപ്പോള്‍, അതിനിടയില്‍ കുടങ്ങിപ്പോവുകയായിരുന്നു ചെന്നൈ കീഴ്പാക്കം ശ്മശാനത്തിലെ ജോലിക്കാരനായ 28 കാരന്‍ ഉദയകുമാര്‍. അവശനിലയിലായ ഉദയകുമാര്‍ മരണപ്പെട്ടു എന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സ്ഥലം എസ് ഐയായ രാജേശ്വരി ഇവിടേക്ക് ഓടിയെത്തുന്നത്. രാജേശ്വരിയുടെ നേതൃത്വത്തില്‍ ഇയാളെ പുറത്തെടുത്തപ്പോഴാണ് ഉദയകുമാറിന് ജീവനുണ്ട് എന്ന് മനസ്സിലാകുന്നത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിക്കാന്‍ രാജേശ്വരി ഉദയകുമാറിനെ സ്വന്തം തോളില്‍ ചുമന്ന് അതുവഴി വന്ന ഒരു ഓട്ടോയില്‍ കയറ്റിവിടുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ചെരുപ്പോ ഷൂവോ പോലുമില്ലാതെ ചെളിയിലും വെള്ളത്തിലും ഒരു ജീവനെക്കരുതി മാത്രം പ്രവര്‍ത്തിച്ച രാജേശ്വരിയാണ് ഇന്നത്തെ ഹീറോ. മനുഷ്യത്തെ കൊണ്ടാടേണ്ടുന്ന കാലത്ത് എന്നെത്തേക്കുമുള്ള, എല്ലാവരുടേയും ഹീറോ.