From the print
കരുണയുടെ കൈയൊപ്പ്; പാടന്തറയിൽ സ്നേഹമംഗല്യം
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗൂഢല്ലൂർ | കാരുണ്യത്തിന്റെ കനിവ് പകർന്ന പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ 850 മംഗല്യ കിനാവുകൾക്ക് പാടന്തറയിൽ മഹാ സാഫല്യം. മാലയിട്ടവരും മഹ്‌റ് കൊടുത്തവരും തോളോടുതോൾ ചേർന്നിരുന്ന് ഒരുമയുടെ വിവാഹം കൊണ്ടാടി. കല്യാണത്തിന്റെ അത്തറ് മണം പാടന്തറയെന്ന ചായത്തോട്ടത്തിലാകെ പടർന്നപ്പോൾ നൂറ് വർഷത്തെ മഹാ പ്രയാണം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കത് ചരിത്രസാക്ഷ്യവുമായി.
രാവിലെ പത്തായപ്പോഴേക്കും പാടന്തറ മർകസും പരിസരവും ജനനിബിഡം; ദൈന്യതയുടെ, കഷ്ടപ്പാടിന്റെ ഉറക്കം കിട്ടാത്ത ചിന്തകൾക്ക് വിരാമമിട്ട പാടന്തറ മർകസുതസ്‌കിയതി സുന്നിയ്യക്ക് നന്ദി പറയാൻ, പുന്നാര മക്കളുടെ സന്തോഷത്തിലൊന്ന് പങ്കുചേർന്ന് മനസ്സറിഞ്ഞ് ചിരിക്കാൻ, പ്രാസ്ഥാനിക കുടുംബത്തിന്റെ പുതുചരിത്രം ഒന്ന് നേർക്ക് കാണാൻ. നാടിന്റെ നാനാ ദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയ ജനസഞ്ചയം പാടന്തറയിൽ പുതുചരിതം രചിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 12 വർഷമായി നീലഗിരി ജില്ലാ എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ പാടന്തറ മർകസിന്റെ അമരക്കാരൻ ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമൂഹ വിവാഹം ഇത്തവണ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായാണ് സമസ്ത വിപുലമായ രീതിയിൽ ഏറ്റെടുത്തത്. നികാഹ് കർമത്തിന് പണ്ഡിതരുടെ സാന്നിധ്യത്തിൽ 42 ഓളം വേദികൾ ഒരുക്കിയിരുന്നു.
വിവാഹിതരാകുന്ന സഹോദര സമുദായാംഗങ്ങൾക്ക് വേണ്ടി പാടന്തറ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. നവദമ്പതികൾക്ക് വിവാഹ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകി. ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉൾപ്പെടെയുളള ഒരു ലക്ഷത്തോളം പേർക്ക് വിവാഹ വിരുന്നും ഒരുക്കിയിരുന്നു.
സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ചടങ്ങിൽ ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാരെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആദരിച്ചു. പാടന്തറ മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സനദ്‌ദാനവും വേദിയിൽ നടന്നു.
സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുനീർ അഹ്ദൽ, ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, മാളിയേക്കൽ സുലൈമാൻ സഖാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മജീദ് കക്കാട് സ്വാഗതം പറഞ്ഞു.




