Connect with us

National

പ്രതിഷേധിച്ച എം പിയോടൊപ്പം ജനങ്ങളും ഇറങ്ങിപ്പോയി; ലക്ഷദ്വീപില്‍ കേന്ദ്രത്തിനെതിരായ സമരത്തിനു പുതിയ മാനം

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേല്‍ വേദിയിലിരിക്കെയാണ് എം പിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചത്

Published

|

Last Updated

കവരത്തി |  ലക്ഷദ്വീപിലെ ആദ്യ പെട്രോള്‍ പമ്പ് ഉദ്ഘാടന വേദിയില്‍ നിന്ന് എം പി ഇറങ്ങിപ്പോയത് ദ്വീപ് ജനതയുടെ പ്രതിഷേധത്തിനു പുതിയ മാനം കൈവരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേല്‍ വേദിയിലിരിക്കെയാണ് എം പിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചത്. ലക്ഷദ്വീപിലെ കവരത്തിയിലാണ് ഇന്ത്യന്‍ ഓയില്‍ കോപറേഷന്റെ പമ്പിന്റെ ഉദ്ഘാടനം നടന്നത്. ദ്വീപിലെ ജനങ്ങള്‍ മുഴുവന്‍ പങ്കെടുത്ത പരിപാടിയിലാണ് മുഹമ്മദ് ഫൈസല്‍ എം പി പ്രസംഗത്തിനിടെ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഇറങ്ങിപ്പോയത്. എംപിയുടെ പ്രതിഷേധ പ്രസംഗത്തോടെ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സദസില്‍ നിന്ന് കൂടെ ഇറങ്ങി പോന്നു.

ഇതോടെ കൊട്ടിഘോഷിച്ചു നടത്തിയ പെട്രോള്‍ പമ്പ് ഉദ്ഘാടനത്തിന്റെ നിറം മങ്ങി.പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങള്‍ക്കെതിരെ ദ്വീപില്‍ പ്രതിഷേധങ്ങള്‍ പുകയുകയാണ്.കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളും അനാവശ്യ നിയന്ത്രണങ്ങളും ദ്വീപ് ഭരണകൂടം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ച 21ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ലക്ഷദ്വീപിലെ ബംഗാരത്ത് മത്സ്യത്തൊഴിലാളികള്‍ താത്കാലികമായി കെട്ടിയ ഷെഡുകള്‍ സുരക്ഷാ ഭീഷണിയെന്ന പേരില്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരുന്നു.ഉത്തരവ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഹരജി വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചവരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശം. താത്കാലിക ഷെഡുകള്‍ എന്ത് സുരക്ഷ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണത്തിന് ലക്ഷദ്വീപ് ഭരണകൂടം സമയം തേടിയതിനെ തുടര്‍ന്നാണ് ഹരജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. കൃഷിയാവശ്യത്തിനായി അനുവദിച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താനാകില്ലെന്നും അത് ഭീഷണിയാണെന്നുമായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഷെഡ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 11നാണ് ലക്ഷദ്വീപ് ഭരണകൂടം ആദ്യം നോട്ടീസ് നല്‍കിയത്.

പ്രഫുല്‍ ഗോഡ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റശേഷം കൈക്കൊണ്ട് ഓരോ തീരുമനവും ലക്ഷദ്വീപ് ജനതയില്‍ ആശങ്ക പടര്‍ത്തുന്നതായിരുന്നു. ബഹുജന പ്രതിഷേധങ്ങളെ നേരിടാന്‍ കരിനിയമങ്ങള്‍ ദ്വീപില്‍ നടപ്പാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.

എം പി യുടെ നേതൃത്വത്തില്‍ പൊതു ചടങ്ങില്‍ നിന്നു ജനങ്ങള്‍ ഇറങ്ങിപ്പോയതോടെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ പ്രതിഷേധം പുതിയ മാനത്തിലേക്കു വളരുകയാണ്.

 

Latest