Connect with us

Kasargod

മംഗലാപുരം-രാമേശ്വരം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് വേണം; ആവശ്യം ശക്തം

കഴിഞ്ഞ ദിവസം സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി മംഗലാപുരം-രാമേശ്വരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

Published

|

Last Updated

നീലേശ്വരം | മംഗലാപുരം-രാമേശ്വരം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി മംഗലാപുരം-രാമേശ്വരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, മടിക്കൈ, ബളാല്‍, കോടോം-ബേളൂര്‍, വെസ്റ്റ്-എളേരി, ഈസ്റ്റ്-എളേരി, വലിയപറമ്പ തുടങ്ങിയ പഞ്ചായത്തുകളിലെയും നീലേശ്വരം മുന്‍സിപ്പാലിറ്റിയിലേയും ജനങ്ങള്‍ പൂര്‍ണമായും, കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങള്‍ ഭാഗീകമായും നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. നീലേശ്വരത്തും പരിസരത്തുമുള്ള തമിഴ്‌നാട് സ്വദേശികളില്‍ അധികവും രാമേശ്വരത്തും പരിസരങ്ങളില്‍ നിന്നും ഉള്ളവരാണ്. എല്ലാവരും കോയമ്പത്തൂരും മധുരയിലും പോയിട്ടാണ് ഇപ്പോള്‍ നാട്ടിലേക്ക് എത്തുന്നത്.

മംഗലാപുരം-രാമേശ്വരം സര്‍വീസ് 2016-ലാണ് റെയില്‍വേ പ്രഖ്യാപിച്ചത്. മലബാറില്‍ നിന്ന് രാമേശ്വരം, പഴനി എന്നിവിടങ്ങളിലേക്ക് പോകുന്ന നിരവധി തീര്‍ഥാടകര്‍ക്കും കൊടൈക്കനാലിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്കും മധുര, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും പുതിയ സര്‍വീസ് വളരെ സൗകര്യപ്രദമായിരിക്കും. നിലവില്‍, മലബാറില്‍ നിന്ന് മധുരയിലേക്കുള്ള യാത്രക്കാര്‍ക്ക് ലഭ്യമായ ഏക മാര്‍ഗം ദാദര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിന്‍ ആണ്. ഇത് കോയമ്പത്തൂര്‍ വഴി ആഴ്ചയില്‍ ഒരിക്കല്‍ സര്‍വീസ് നടത്തുന്നു.

ക്ഷേത്ര നഗരമായ രാമേശ്വരത്തേക്കു മാത്രമല്ല രാമേശ്വരത്തിന്റെ തെക്കു കിഴക്കേ അറ്റത്തുള്ള
ധനുഷ്‌കോടിയിലേക്കുമുള്ള യാത്രകളാണ് ഈ ട്രെയിന്‍ യാഥാര്‍ഥ്യമായാല്‍ സുഗമമാവുക.

 

Latest