Connect with us

From the print

ലീഗിന് മൂന്നാം സീറ്റില്ല; സാഹചര്യം വിശദീകരിച്ച് കോണ്‍ഗ്രസ്സ്, കോര്‍ കമ്മിറ്റിക്കു ശേഷം പറയാമെന്ന് ലീഗ്

ഈ മാസം 14 ന് യു ഡി എഫ് വീണ്ടും യോഗം ചേരുന്നതിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ലീഗ് തീരുമാനം കോണ്‍ഗ്രസ്സിനെ അറിയിക്കും.

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല. സീറ്റിന് അര്‍ഹതയുണ്ടെന്ന് അംഗീകരിക്കുന്നതായും എന്നാല്‍, വിട്ടുതരാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലെന്നും യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തി. കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനം പറയാമെന്നാണ് ലീഗ് മറുപടി നല്‍കിയത്.

ഇത്തവണ മൂന്നാം സീറ്റ് വേണമെന്ന ഉറച്ച നിലപാടിലായിരുന്നു ലീഗ് നേതൃത്വം. സാധാരണ പറയുന്ന പോലെയല്ലെന്നും, നിര്‍ബന്ധമായും മൂന്നാം സീറ്റ് വേണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ വിശദീകരണത്തിന് വഴങ്ങി തത്കാലം മൂന്നാം സീറ്റ് ആവശ്യം ലീഗ് ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഈ മാസം 14 ന് യു ഡി എഫ് വീണ്ടും യോഗം ചേരുന്നതിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ലീഗ് തീരുമാനം കോണ്‍ഗ്രസ്സിനെ അറിയിക്കും. ഉപാധികളെന്തെങ്കിലും മുന്നോട്ടുവെക്കുമോ എന്നത് മാറ്റിനിര്‍ത്തിയാല്‍ ലീഗ് മൂന്നാം സീറ്റില്‍ കടുംപിടിത്തം നടത്തില്ല. പകരം രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടേക്കും.

അതേസമയം, കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ യു ഡി എഫ് യോഗത്തില്‍ ധാരണയായി. ഫ്രാന്‍സിസ് ജോര്‍ജാകും സ്ഥാനാര്‍ഥിയെന്നാണ് കുരുതുന്നത്. യു ഡി എഫില്‍ സീറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് വിവരം.