Kerala
തിരുവാണിക്കാവില്‍ മരിച്ച സഹറിനെ ആറംഗ സംഘം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിലാണ് മര്‍ദ്ദനദൃശ്യങ്ങള്‍ പതിഞ്ഞത്
തൃശൂര്‍ | തിരുവാണിക്കാവില്‍ മരിച്ച സഹറിനെ സദാചാരത്തിന്റെ പേരില്‍ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വനിതാ സുഹൃത്തിനെ കാണാന്‍ വന്ന ബസ് ഡ്രൈവറായ സഹറിനെ ആറംഗ സംഘം മര്‍ദിക്കുന്നതാണ് സിസിടിവി വീഡിയോ ദൃശ്യങ്ങളിലുള്ളത്. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിലാണ് മര്‍ദ്ദനദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം.
തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേര്‍പ്പ് സ്വദേശി സഹര്‍. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. രാത്രി 12 ഓടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാല്‍ പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചതിനെ തുടര്‍ന്ന് മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപ്രതിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല നടത്തിയ സംഘം ഒളിവിലാണ്.



