Connect with us

Meelad

ഇരുട്ടകറ്റിയ തിരുദൂതര്‍

ഇങ്ങനെ സമൂഹത്തിലെ എല്ലാ ഇടങ്ങളിലും വെളിച്ചമാകാന്‍ തിരുദൂതരല്ലാതെ മറ്റാരുണ്ട്!

Published

|

Last Updated

മ്പൂര്‍ണ ഇസ്‌ലാമിനെ പരിചയപ്പെടുത്തി അറേബ്യയില്‍ ആഗതരായ മുഹമ്മദ് നബി(സ)യും അതിന് മുമ്പുള്ള നബിമാരുമെല്ലാം വാരിവിതറിയത് പ്രകാശം തന്നെയായിരുന്നു. പക്ഷേ, ആദ്യ പ്രവാചകന്മാര്‍ കൊണ്ടുവന്ന മാര്‍ഗം ആറാം നൂറ്റാണ്ടിന് മുമ്പ് മാത്രം പ്രസക്തമായിരുന്നുവെങ്കില്‍ അപ്‌ഡേഷന്‍ നടത്തി പുതിയ ലൈറ്റ് പോയിന്റുകള്‍ പരിചയപ്പെടുത്തി പ്രചരിപ്പിച്ചത് എ ഡി 571ല്‍ മക്കയില്‍ ഭൂജാതരായ മുഹമ്മദ് നബി(സ) ആണ്.

ഓരോ നബിയും ഓരോ കാലത്തെ വലിയ മനുഷ്യരായിരുന്നു. അവസാനമായി വന്ന നബിയാകട്ടെ അന്ത്യനാള്‍ വരെ ശിഷ്യന്മാരിലൂടെ, അനുചരന്മാരിലൂടെ തെളിഞ്ഞ് നില്‍ക്കും. മറ്റൊരു നബി പിന്നീട് വന്നിട്ടില്ല. ഇനി വരികയും ഇല്ല. അന്ത്യ പ്രവാചകരുടെ സന്ദേശം എക്കാലത്തും പ്രസക്തമാണ്. ആറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന അന്ധകാരങ്ങളുടെ അതേ സ്വഭാവഗുണങ്ങള്‍ വിവിധ കോണുകളില്‍ ഇന്നും കാണപ്പെടുന്നു. അവിടെ പ്രകാശം പരത്താന്‍ കഴിയുന്ന ഒരു സന്ദേശമായി ഇസ്‌ലാം നമ്മുടെ കൈയില്‍ സജീവമാണ്. റബീഉല്‍ അവ്വലില്‍ നാം നിര്‍വഹിക്കേണ്ടത് ഈ സന്ദേശങ്ങളുടെ പ്രചാരണങ്ങളാണ്.

നിറത്തിന്റെയും ശരീരപ്രകൃതിയുടെയും ജാതിയുടെയും തൊഴിലിന്റെയും പേരില്‍ മനുഷ്യത്വം മറന്നുള്ള പ്രാകൃത സമീപനങ്ങള്‍ ഏറ്റവും വലിയ അന്ധകാരമല്ലേ? ഇന്നും അതിന്റെ വേരുകള്‍ അവശേഷിക്കുന്നില്ലേ? സാംസ്‌കാരികമായി, ചില നാടുകളും ഗോത്രങ്ങളും പ്രാകൃതമായ രീതികള്‍ പിന്തുടരുന്നതായി നാം കാണുന്നു. മനുഷ്യത്വം മറന്നുകൊണ്ടുള്ള ജീവിത രീതികള്‍ക്ക് ചൂട്ടുപിടിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇതെല്ലാം ഒരു പാഷനാണ്. ഇവിടെയാണ് തിരുനബി(സ)യുടെ സന്ദേശം വാചാലമാകുന്നത്. സകല ചലനങ്ങളിലും ഇടപാടുകളിലും വ്യക്തമായ ജീവിത രീതികള്‍ സമ്മാനിച്ച ഇസ്‌ലാമിന്റെ വെളിച്ചത്തെ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക? സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടുന്ന, സ്വന്തം ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടാന്‍ അന്യരുടെ മക്കളെ ബലി നല്‍കുന്ന ഹീനകൃത്യങ്ങള്‍ അന്ധകാരത്തെയല്ലാതെ മറ്റെന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?

ഇരുട്ട് വരുമ്പോള്‍ അസ്വസ്ഥത പടരും. സാമ്പത്തിക രംഗത്ത് ഇരുട്ട് വ്യാപകമായ കാലത്താണ് തിരുനബി(സ) കടന്നുവരുന്നത്. അധ്വാനിക്കാനും അധ്വാനിച്ച് പണം സമ്പാദിക്കാനും ദുര്‍വ്യയങ്ങള്‍ ഉപേക്ഷിക്കാനും പണം വര്‍ധിപ്പിക്കാന്‍ പലിശയുടെ പശിമയില്ലാത്ത ഇടപാടുകളില്‍ പ്രവേശിക്കാനും തിരുനബി ഉദ്ബോധിപ്പിച്ചു. ചതിയും വഞ്ചനയുമില്ലാത്ത മാര്‍ഗങ്ങള്‍ അവലംബിച്ച് ധനത്തിന്റെ ആഗമനം ശക്തിപ്പെടുത്തണമെന്നും പലിശയുടെ ഓരോ കാശും കഠിനമായ തെറ്റാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. ചതിലേലം, പൂഴ്ത്തിവെപ്പ്, ഗ്രാമവാസികളെ സമീപിച്ച് ചെറിയ വിലക്ക് വസ്തു കൈവശപ്പെടുത്തി കബളിപ്പിക്കുന്ന വിവിധ രീതികള്‍ തുടങ്ങിയവ തിരുനബി നിരോധിച്ചു. പണാസക്തി പാടില്ല, ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കണം, അനാഥരെയും അഗതികളെയും സഹായിച്ചാല്‍ സമ്പത്തില്‍ ഐശ്വര്യം ഉണ്ടാകും എന്നതെല്ലാം ആ വെളിച്ചത്തിലൂടെ ആര്‍ക്കും വായിച്ചെടുക്കാം.

വഴി അറിയാത്തവര്‍ക്ക് വഴി കാണിക്കുന്നു. ഇരുട്ട് അകറ്റാന്‍ മാര്‍ഗങ്ങള്‍ ഒരുക്കുന്നു. അനാഥ മക്കളെ ചേര്‍ത്ത് പിടിക്കുന്നു. പ്രയാസപ്പെടുന്നവനെ ആശ്വസിപ്പിക്കുന്നു. അപകടത്തില്‍ അകപ്പെട്ടവനെ മോചിപ്പിക്കുന്നു. പ്രകൃതിയുടെ സമതുലിതാവസ്ഥയെ തകര്‍ക്കാത്ത നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ സമൂഹത്തിലെ എല്ലാ ഇടങ്ങളിലും വെളിച്ചമാകാന്‍ തിരുദൂതരല്ലാതെ മറ്റാരുണ്ട്!

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

---- facebook comment plugin here -----

Latest