Connect with us

editorial

രാജ്യം ടി എന്‍ ശേഷനെ ഓര്‍ക്കുന്നു

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ വ്യക്തിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തിയാല്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി ടി എന്‍ ശേഷനായിരിക്കുമെന്നായിരുന്നു 1995 ഫെബ്രുവരി 10ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. ശേഷനെ പോലെ ഭരണവര്‍ഗത്തിനു മുമ്പില്‍ നിവര്‍ന്നു നില്‍ക്കാനുള്ള നട്ടെല്ലില്ലാതായിപ്പോയി സമീപകാലത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക്‌.

Published

|

Last Updated

പ്രധാനമന്ത്രി ഉള്‍പ്പെടെ അധികാരിവര്‍ഗം തുരുതുരാ വര്‍ഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു. അതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സി ഇ സിയുടെ (തിരഞ്ഞെടുപ്പ് കമ്മീഷന്‍) അധൈര്യം കാണുമ്പോള്‍ രാജ്യം ടി എന്‍ ശേഷനെ ഓര്‍ത്തു പോകുക സ്വാഭാവികം. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനാവശ്യമായ നിരവധി പരിഷ്‌കരണങ്ങളും ചട്ടങ്ങളും നടപ്പാക്കുകയും അധികാരി വര്‍ഗത്തിനു മുമ്പില്‍ മുട്ട് മടക്കുകയും ചെയ്യാത്ത തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടി എന്‍ ശേഷന്‍.

1990ന് മുമ്പ് രാജ്യത്ത് ഒമ്പത് തിര. കമ്മീഷണര്‍മാര്‍ വന്നിട്ടുണ്ടെങ്കിലും ആ പദവിയുടെ വലിപ്പവും വ്യാപ്തിയും ഇന്ത്യന്‍ ജനത മനസ്സിലാക്കിയത് ശേഷന്‍ വന്നതോടെയാണ്. “ശേഷനെ പോലുള്ളവര്‍ ഒരിക്കല്‍ മാത്ര’മെന്ന് സുപ്രീം കോടതിക്കു തന്നെ പറയേണ്ടി വന്നതും ഇതുകൊണ്ടാണ്. 2023 നവംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സംവിധാനം പരിഷ്‌കരിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി ടി എന്‍ ശേഷനെയും അദ്ദേഹത്തിന്റെ ആര്‍ജവത്തെയും സ്മരിച്ചത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത് തന്നെ ശേഷനു മുമ്പും ശേഷവും എന്ന നിലയിലാണ്.
1990 ഡിസംബര്‍ 12ന് സി ഇ സിയായി അധികാരമേറ്റ പാലക്കാട് തിരുനെല്ലായി സ്വദേശിയും മലയാളിയുമായ ടി എന്‍ ശേഷന്‍ ആറ് വര്‍ഷക്കാലത്തിനിടയില്‍ തിര. കമ്മീഷനെ ഉടച്ചുവാര്‍ത്തു.

തികഞ്ഞ ഹിന്ദുമത വിശ്വാസിയെങ്കിലും ജോലിയില്‍ പ്രവേശിച്ച ആദ്യനാളില്‍ തന്നെ തിര. കമ്മീഷന്‍ ഓഫീസില്‍ തൂക്കിയിട്ടിരുന്ന ആരാധനാ മൂര്‍ത്തികളുടെ ഫോട്ടോകളെല്ലാം എടുത്തുമാറ്റി, മതേതരത്വം വാക്കില്‍ പോരാ പ്രവൃത്തിയിലും വേണമെന്ന് അദ്ദേഹം കാണിച്ചു കൊടുത്തു. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കിയത് ശേഷനാണ്. ഐ ഡി കാര്‍ഡ് സിസ്റ്റം വന്നാല്‍ കള്ളവോട്ട് പ്രയാസകരമായിത്തീരുമെന്ന് മനസ്സിലാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍, അതൊരു ചെലവേറിയ അനാവശ്യ പ്രക്രിയയാണെന്ന വാദമുയര്‍ത്തി ശേഷന്റെ നീക്കത്തെ പരാജയപ്പെടുത്താന്‍ തുനിഞ്ഞെങ്കിലും “തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കിയില്ലെങ്കില്‍ 1995ന് ശേഷം രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നടക്കില്ലെ’ന്ന് പ്രഖ്യാപിച്ച് ശേഷന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട് ഐ ഡി കാര്‍ഡ് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതോടെയാണ് പദ്ധതി നടപ്പായത്.

സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് വിനിയോഗിക്കുന്ന പണത്തിന് പരിധി, അതിന്റെ കണക്ക് ഹാജരാക്കണമെന്ന ചട്ടം, തിരഞ്ഞെടുപ്പ് നാളിലെ മദ്യനിരോധനം, ആരാധനാലയം വഴിയുള്ള പ്രചാരണത്തിന് വിലക്ക്, ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂട്ടിയുള്ള അനുമതി തുടങ്ങിയ ചട്ടങ്ങള്‍ നടപ്പാക്കിയതും ശേഷനാണ്. വ്യക്തമായ കണക്ക് ബോധിപ്പിക്കാതിരുന്ന ആയിരത്തഞ്ഞൂറോളം സ്ഥാനാര്‍ഥികളെ മൂന്ന് വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുകയും ചെയ്തു അദ്ദേഹം.

രാജ്യസഭാ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഡോ. മന്‍മോഹന്‍ സിംഗിനടക്കം പ്രമുഖര്‍ക്ക് നോട്ടീസയച്ചതായിരുന്നു ശേഷന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു നടപടി. ഓരോ സംസ്ഥാനത്തെയും സ്ഥിരതാമസക്കാരെയാണ് അതാത് സംസ്ഥാനത്തെ നിയമസഭാംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തയക്കേണ്ടതെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ചട്ടം. പല അംഗങ്ങളും ഈ ചട്ടം ലംഘിച്ചതായി മനസ്സിലാക്കിയ ശേഷന്‍ അവര്‍ക്കെല്ലാം ചട്ടലംഘനത്തിന് നോട്ടീസയച്ചു. കൂട്ടത്തില്‍ അസമില്‍ നിന്ന് ജയിച്ചുവന്ന അന്നത്തെ കേന്ദ്ര ധനകാര്യമന്ത്രി മന്‍മോഹന്‍സിംഗിനും വന്നു നോട്ടീസ.് അസമിലായിരുന്നില്ല അദ്ദേഹത്തിന്റെ താമസം. മുഴുവന്‍ പാര്‍ട്ടികളും ശേഷന്റെ നീക്കത്തെ എതിര്‍ത്തു. ശേഷന്‍ പിന്തിരിഞ്ഞില്ല. “ഞാനൊരു പന്താണ്. തറയിലെറിഞ്ഞാല്‍ ഇരട്ടി ശക്തിയില്‍ തിരിച്ചു വരു’മെന്നായിരുന്നു ശേഷന്റെ പ്രതികരണം. ഒടുവില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മന്‍മോഹന്‍ സിംഗടക്കമുള്ളവര്‍ രാജ്യസഭാംഗത്വം നിലനിര്‍ത്തിയത്.

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ വ്യക്തിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തിയാല്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി ടി എന്‍ ശേഷനായിരിക്കുമെന്നായിരുന്നു 1995 ഫെബ്രുവരി 10ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. ശേഷനെ പോലെ ഭരണവര്‍ഗത്തിനു മുമ്പില്‍ നിവര്‍ന്നു നില്‍ക്കാനുള്ള നട്ടെല്ലില്ലാതായിപ്പോയി സമീപകാലത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക്‌. പ്രതിപക്ഷത്തെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്ന കമ്മീഷന്‍ ഭരണപക്ഷത്തെ ചട്ടലംഘനങ്ങള്‍ക്കു നേരേ കണ്ണടക്കുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തിര. കമ്മീഷനു നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല.

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത വര്‍ഗീയ, വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്സും സി പി എമ്മും നല്‍കിയ പരാതിയില്‍ നിസ്സംഗ ഭാവമായിരുന്നു തുടക്കത്തില്‍ തിര. കമ്മീഷന്‍ കാണിച്ചത്. പ്രതിപക്ഷം വിഷയം കോടതിയിലെത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടി കമ്മീഷനില്‍ നിന്നുണ്ടായത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ചട്ടലംഘനം നടത്തിയിരുന്നു നരേന്ദ്ര മോദി. പുല്‍വാമയില്‍ “ഭീകരാക്രമണ’ത്തില്‍ കൊല്ലപ്പെട്ട സൈനികരെ ഓര്‍ത്ത് ബി ജെ പിക്ക് വോട്ട് ചെയ്യണമെന്ന 2019ലെ മോദിയുടെ മഹാരാഷ്ട്ര പ്രസംഗം വന്‍ വിവാദമാകുകയും അതുസംബന്ധിച്ച് തിര. കമ്മീഷനില്‍ പരാതിയെത്തുകയും ചെയ്തിരുന്നു. മൂന്ന് കമ്മീഷണര്‍മാരില്‍ രണ്ട് പേര്‍ അന്ന് മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണുണ്ടായത്. മൂന്നാമത്തെ കമ്മീഷന്‍ അംഗം അശോക് ലവേസ മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് വിധിയെഴുതിയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. വിധിപ്രസ്താവത്തില്‍ തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന ലവേസയുടെ ആവശ്യം പോലും തിരസ്‌കരിക്കപ്പെട്ടു. സര്‍ക്കാറിന്റെ ചട്ടുകമായി അധപ്പതിച്ചിരിക്കുകയാണ് സമീപകാല തിര. കമ്മീഷന്‍.

Latest