Connect with us

Kuwait

രാജ്യം ദേശീയ ദിനാചരണത്തിനുള്ള ഒരുക്കത്തില്‍; വാട്ടര്‍ ബലൂണ്‍, വാട്ടര്‍ ഗണ്‍ നിരോധിക്കും

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തങ്ങോളമിങ്ങോളം 3,880 ദേശീയ പതാകകള്‍ ഉയര്‍ത്തി. കുവൈത്ത് അമീര്‍ ശൈഖ് മിശ് അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രാജ്യത്തിന്റെ 63-ാമത് സ്വാതന്ത്ര്യ ദിനവും 33-ാമത് വിമോചന ദിനവും അതിഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഇതോടനുബന്ധിച്ച് രാജ്യത്തെ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍-സര്‍ക്കാറേതര കെട്ടിടങ്ങള്‍ എന്നിവയെല്ലാം കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു വരികയാണ്.

ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും മുന്‍സിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഉറപ്പാക്കിയിട്ടുണ്ട്. വിഷയത്തില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മുന്‍സിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ മുതൈരി അഭ്യര്‍ഥിച്ചു.

ആഘോഷ പരിപാടികള്‍ക്ക് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ രാജ്യവ്യാപകമായി സുരക്ഷാ ട്രാഫിക് ഉദ്യോഗസ്ഥന്മാരെ കൂടുതല്‍ വിന്യാസിക്കാനും അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിയമപരമല്ലാത്തതും അനധികൃതവുമായ എല്ലാ അലങ്കാര പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും നീക്കം ചെയ്യും. വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കളുമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലങ്ങളില്‍ ഇതിനായി പ്രത്യേകം കാമ്പയിനുകള്‍ നടത്തുന്നുണ്ട്.

തീരദേശ മേഖലയുടെ പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതിനായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ പബ്ലിക് ക്ലീന്‍ ആന്‍ഡ് റോഡ് ഒക്യുപന്‍സി ഡിപ്പാര്‍ട്ടുമെന്റ് ടീം പ്രവര്‍ത്തന സജ്ജമാണ്. അതോടൊപ്പം ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള വാട്ടര്‍ ബലൂണുകള്‍, ഫോം സ്‌പ്രേ ചെയ്യല്‍ തുടങ്ങിയവയെല്ലാം അധികൃതര്‍ നിരോധിച്ചിട്ടുണ്ട്.

 

Latest