Connect with us

International

ആറ് കുട്ടികൾ ഉൾപ്പെടെ പത്ത് മരണം ; റഫയിൽ ആക്രമണം കനക്കുന്നു

വെസ്റ്റ് ബാങ്കിലെ നൂർ ഷംസ് അഭയാർഥി ക്യാന്പ് റെയ്ഡിൽ അഞ്ച് മരണം

Published

|

Last Updated

ഗസ്സാ മുനന്പ് | ഗസ്സയുടെ തെക്കേ അറ്റത്തുള്ള വീടിനു നേരെ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് റഫ നഗരത്തിന്റെ പടിഞ്ഞാറ് ടെൽ സുൽത്താൻ പരിസരത്തുള്ള പാർപ്പിട സമുച്ചയത്തിൽ മിസൈൽ പതിച്ചത്. ആറ് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും പുരുഷൻമാരുടെയും മൃതദേഹങ്ങൾ റഫയിലെ അബു യൂസുഫ് അൽ-നജ്ജാർ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

മാനുഷിക മൂല്യങ്ങളും ധാർമികതയും ഇല്ലാത്ത ഒരു ലോകമാണിതെന്ന് അസ്സോസിയേറ്റഡ് പ്രസ്സിനോട് കൊല്ലപ്പെട്ടയാളുടെ ഭാര്യാ സഹോദരൻ അഹമ്മദ് ബർഹൂം പറഞ്ഞു. ഗസ്സയിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന അഭയാർഥികളാണ് ഈജിപ്ത് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റഫയിൽ അഭയം പ്രാപിച്ചെത്തിയത്. സഖ്യകക്ഷിയായ യു എസ് ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം റഫ ആക്രമണത്തിൽ സംയമനം പാലിക്കണമെന്ന് ഇസ്റാഈലിനോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് ആക്രമണം. ഹമാസ് പോരാളികളിൽ പലരും റഫ ഒളിയിടമാക്കിയതായാണ് അക്രമത്തിന് പ്രേരണയായതെന്ന് ഇസ്റാഈൽ പറഞ്ഞു.എന്നാൽ ഗ്രൗണ്ട് ഓപറേഷൻ നടത്താതെ സൈന്യം നഗരത്തിലും പരിസരത്തും ആവർത്തിച്ച് വ്യോമാക്രമണം തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 37 പേരുടെ മൃതദേഹങ്ങൾ ഗസ്സയിലെ ആ ശുപത്രികളിൽ എത്തിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68 പേർക്ക് പരുക്കേറ്റതായും റിപോർട്ടുണ്ട്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറമിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ ഇസ്റാഈൽ സൈന്യം രണ്ടാം ദിവസവും തുടരുന്ന റെയ്ഡിൽ കൗമാരക്കാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. നുസ്വീറത്ത് അഭയാർഥി ക്യാമ്പിന് വടക്ക് അൽ-മുഗ്രാക്ക പട്ടണത്തിന് നേരെ ഷെല്ലാക്രമണം തുടരുന്നതായി അൽ ജസീറ റിപോർട്ട് ചെയ്തു. അതിനിടെ നൂർ ഷംസ് ക്യാമ്പിൽ തങ്ങളുടെ സുരക്ഷാ സേന പത്ത് ഹമാസ് പോരാളികളെ വധിക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങൾ കണ്ടുകെട്ടുകയും ചെയ്തതായി ഇസ്റാഈൽ എക്സിൽ കുറിച്ചു. ഫലസ്തീൻ മാധ്യമ റിപോർട്ടുകളേക്കാൾ കൂടുതലാണ് ഇസ്റാഈൽ നൽകിയ എണ്ണമെന്നാണ് റിപോർട്ട്.

കഴിഞ്ഞ രണ്ട് ദിവസത്തെ റെയ്ഡുകളിൽ 30 ഫലസ്തീനികളെ അധിനേവേശ സേന വെസ്റ്റ് ബാങ്കിലുടനീളം തടവിലാക്കിയിട്ടുണ്ട്. അറസ്റ്റിലായവരിൽ പകുതിയും നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ നിന്നുള്ളവരാണെന്ന് ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു. ഇതോടെ ഇസ്റാഈൽ തടവിലാക്കിയ ഫലസ്തീനികളുടെ ആകെ എണ്ണം 8,340 ആയി.
ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 34,049 പേർ കൊല്ലപ്പെടുകയും 76,901 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.