From the print
തെലങ്കാന ഇന്ന് ബൂത്തിലേക്ക്
119 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഹൈദരാബാദ് | പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും കെ ചന്ദ്രശേഖര്‍ റാവുവും പ്രചാരണത്തിനിറങ്ങിയ തെലങ്കാനയുടെ ജനവിധി ഇന്ന്. ഹാട്രിക് സ്വപ്നവുമായി കളത്തിലിറങ്ങിയ ബി ആര്‍ എസിന്റെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ താഴെയിറക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്സും ബി ജെ പിയും.
സാധാരണക്കാരെ ആകര്‍ഷിപ്പിച്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളുടെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്സുള്ളതെങ്കില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയെന്ന വാഗ്ദാനത്തില്‍ തെലങ്കാനയിലെ ജനം മയങ്ങുമെന്ന പ്രതീക്ഷയാണ് ബി ജെ പിക്ക്. എന്നാല്‍, തുടര്‍ഭരണമുണ്ടാകുമെന്ന അമിത പ്രതീക്ഷയാണ് ബി ആര്‍ എസിനുള്ളത്.
119 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാ പ്രദേശ് വിഭജിച്ച് 2014ല്‍ സംസ്ഥാനം രൂപവത്കരിച്ചതു മുതല്‍ ഭരണത്തിലുള്ള മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബി ആര്‍ എസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 118 സീറ്റില്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സ് പിന്തുണയോടെ ഒരു സീറ്റില്‍ സി പി ഐയും ജനവിധി തേടുന്നു. ബി ജെ പിയും സഖ്യകക്ഷിയായ പവന്‍ കല്യാണിന്റെ ജന സേനാ പാര്‍ട്ടിയും യഥാക്രമം 111-8 സീറ്റുകളിലാണ് മത്സരിക്കുന്നത്. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ ഐ എം ഐ എം ഒമ്പത് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.
പത്ത് വര്‍ഷത്തെ ഭരണമാണ് ബി ആര്‍ എസും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും പ്രചാരണത്തില്‍ ഉയര്‍ത്തിക്കാണിച്ചത്. കര്‍ണാടകക്ക് സമാനമായി തെലങ്കാനയില്‍ പ്രഖ്യാപിച്ച ആറിന ക്ഷേമപദ്ധതികള്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും പത്ത് വര്‍ഷത്തെ തെലങ്കാന ഭരണത്തിലെ കോട്ടങ്ങളുമാണ് ബി ജെ പി മുന്നോട്ടുവെച്ചത്.