minister kb ganesh kumar
കെ എസ് ആര്‍ ടി സി ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാന്‍ സംവിധാനം വരും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കും

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാന്‍ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. അതിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കെ എസ് ആര്‍ ടി സി കൂടുതല്‍ എ സി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കും. കെ എസ് ആര്‍ ടി സി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി പരമാവധി കടകള്‍ വാടകയ്ക്ക് നല്‍കും. കെ എസ് ആര്‍ ടി സി കംഫര്‍ട് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും. കംഫര്‍ട് സ്റ്റേഷന്‍ പരിപാലനം സുലഭ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കും.
23 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി കെ എസ് ആര്‍ ടി സി തുടങ്ങും. 15 വര്‍ഷമായ വാഹനങ്ങള്‍ പൊളിക്കാനുള്ള ടെണ്ടര്‍ നടപടി ഉടന്‍ ആരംഭിക്കും. 865 വാഹനങ്ങള്‍ ആരോഗ്യ വകുപ്പില്‍ തന്നെ ഉണ്ട്. ധാരാളം സര്‍ക്കാര്‍ വാഹനങ്ങള്‍ ഇത്തരത്തിലുണ്ടെന്നും മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.