National
ജന്തര്‍ മന്തറില്‍ സി ജെ പി പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ന്യൂഡല്‍ഹി| ജന്തര്‍ മന്തറില്‍ സി ജെ പി പ്രതിഷേധത്തിനിടെ ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡല്‍ഹി പോലീസ്. സ്വതന്ത്രയെ കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ഇന്നലെ സ്വയം പ്രഖ്യാപിത ഹിന്ദുത്വ ‘ഇന്‍ഫ്‌ളുവന്‍സര്‍’ സ്വതന്ത്ര ഭരദ്വാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജന്തര്‍ മന്തറില്‍ വെച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭകയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തിലും തുടര്‍ന്നുള്ള ഓണ്‍ലൈന്‍ ഭീഷണികളിലും സ്വതന്ത്ര ഭരദ്വാജിനെതിരെ 72 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് ഡല്‍ഹി പോലീസ് ഉറപ്പുനല്‍കിയതായി സിജെപി നേരത്തെ അറിയിച്ചിരുന്നു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂണ്‍ 23-ന് നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് നടപടി. സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി)പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ബിജെപി നേതാവിന്റെ ഇടപെടല്‍ മൂലമാണ് താന്‍ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും സഞ്ജയ്‌യെ ആക്രമിച്ചത് താനാണെന്നും അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്.
അതേസമയം, രാഷ്ട്രീയ ഇടപെടലുകള്‍ ഡല്‍ഹി പോലീസ് നിഷേധിച്ചു. സംഭവ ദിവസം തന്നെ സ്വതന്ത്ര ഭരദ്വാജ് ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കിയിരുന്നുവെന്നും ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ന്യൂഡല്‍ഹി ഡിസിപി സചിന്‍ ശര്‍മ്മ വ്യക്തമാക്കി.
Content Highlights:
Delhi Police arrested Hindutva influencer Swatantra Bhardwaj for assaulting the father of a Dalit student during a protest at Jantar Mantar. The suspect was remanded to one-day police custody by the court following his capture in Uttar Pradesh. Police rejected claims of political intervention.




