Eduline
ആയുഷ് മെഡിസിൻ; അഖിലേന്ത്യാ അലോട്ട്മെന്റ് ആരംഭിച്ചു
രജിസ്‌ട്രേഷൻ ഫീസും സെക്യൂരിറ്റി തുകയും 13ന് വൈകിട്ട് അഞ്ചിനുള്ളിൽ ഓൺലൈനായി അടയ്ക്കണം.
ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിംഗ് കമ്മിറ്റി (എ എ സി സി സി) ബി എ എം എസ്, ബി എച്ച് എം എസ്, ബി യു എം എസ്, ബി എസ് എം എസ്, ബി ഫാം കോഴ്‌സുകളിലെ നീറ്റ് യു ജി റാങ്ക് അടിസ്ഥാനമാക്കിയുള്ള അഖിലേന്ത്യാ അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. നീറ്റ് യു ജി യോഗ്യത നേടിയവർക്ക് www.aaccc.gov.in വഴി ഈ മാസം 13 ന് ഉച്ചക്ക് രണ്ട് വരെ ആദ്യ റൗണ്ട് കൗൺസലിംഗിനായി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസും സെക്യൂരിറ്റി തുകയും 13ന് വൈകിട്ട് അഞ്ചിനുള്ളിൽ ഓൺലൈനായി അടയ്ക്കണം.
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ കോളജുകൾ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ (ഐ ടി ആർ എ) സ്ഥാപനങ്ങളിലെ ബി ഫാം (ആയുർവേദ) കോഴ്‌സുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയടക്കമുള്ള സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്നടത്തുന്നത്. കൂടാതെ ഡീംഡ് യൂനിവേഴ്‌സിറ്റികളിലെ ആയുഷ് കോഴ്‌സുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഇതോടൊപ്പം അലോട്ട്മെന്റ് നടത്തും.
സ്ഥാപനങ്ങൾ
കേന്ദ്ര സ്ഥാപനങ്ങളായ ബനാറസ് ഹിന്ദു സർവകലാശാല, ഐ ടി ആർ എ (ഗുജറാത്ത്), എൻ ഐ എ (ജയ്പുർ), എൻ ഐ എ(പഞ്ച്ഗുള) എന്നിവിടങ്ങളിലെ മുഴുവൻ ബി എ എം എസ് സീറ്റുകളും കൊൽക്കത്തയിലെ എൻ ഐ എച്ചിലെ മുഴുവൻ ബി എച്ച് എം എസ് സീറ്റുകളും ചെന്നൈ എൻ ഐ എസ് സ്ഥാപനത്തിലെ മുഴുവൻ ബി എസ് എം എസ് സീറ്റുകളും അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ 50 ശതമാനം ബി യു എം എസ് സീറ്റുകളും ഗോവയിലെ എ ഐ ഐ എ, എൻ ഇ ഐ എ എച്ച് ഷില്ലോംഗ് സ്ഥാപനത്തിലെ 50 ശതമാനം ബി എ എം എസ് സീറ്റുകളിലുമാണ് പ്രവേശനം.
ഡീംഡ് യൂനിവേഴ്‌സിറ്റികളിലെ അലോട്ട്മെന്റിൽ ഉൾപ്പെടുന്ന മുഴുവൻ സീറ്റും ഡൊമിസൈൽ ഫ്രീയും സംവരണതത്ത്വം ബാധകമല്ലാത്തതും ഉയർന്ന ഫീസ് ഉള്ളതുമായിരിക്കും.
കേരളത്തിലെ അഞ്ച് ആയുർവേദ കോളജുകളും (മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ്), അഞ്ച് ഹോമിയോ കോളജുകളും (രണ്ട് സർക്കാർ, മൂന്ന് എയ്ഡഡ്) ഒരു ഡീംഡ് സർവകലാശാലയും അഖിലേന്ത്യാ അലോട്ട്മെന്റിൽ ഉൾപ്പെടുന്നുണ്ട്.
ഫീസ്
അഖിലേന്ത്യ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 1,000 രൂപ രജിസ്‌ട്രേഷൻ ഫീസും 20,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ഓൺലൈനായി രജിസ്‌ട്രേഷൻ സമയത്ത് അടയ്ക്കണം.
സംവരണ വിഭാഗങ്ങളായ ഒ ബി സി/എസ് സി/എസ് ടി/അംഗപരിമിതർ എന്നിവയിൽ ഉൾപ്പെടുന്നവർ യഥാക്രമം 500 രൂപയും 20,000 രൂപയുമാണ് അടയ്‌ക്കേണ്ടത്.
എന്നാൽ, ഡീംഡ് സർവകലാശാലകളിലെ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ എല്ലാ വിഭാഗക്കാരും 5,000 രൂപ രജിസ്‌ട്രേഷൻ ഫീസും 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ഓൺലൈനായി രജിസ്‌ട്രേഷൻ സമയത്ത് അടയ്ക്കണം.
നാല് റൗണ്ടുകൾ
റൗണ്ട് ഒന്ന്, റൗണ്ട് രണ്ട്, റൗണ്ട് മൂന്ന്, സ്‌ട്രേ വേക്കൻസി റൗണ്ട് എന്നീ നാല് റൗണ്ടുകളുണ്ടാകും. എല്ലാ റൗണ്ടുകളിലും വ്യവസ്ഥകൾക്ക് വിധേയമായി പുതുതായി രജിസ്റ്റർ ചെയ്ത് ചോയ്‌സ് നൽകാൻ അവസരമുണ്ടാകും.
ഈ മാസം ഒന്പത് മുതൽ 13ന് രാത്രി 11.55 വരെ ഒന്നാം റൗണ്ട് കൗൺസലിംഗിന് ചോയ്‌സുകൾ നൽകാം.
ഒന്നാം റൗണ്ട് അലോട്ട്‌മെന്റ്
ഒന്നാം റൗണ്ട് അലോട്ട്‌മെന്റ് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും. 17നും 23നുമിടയിൽ അലോട്ട്‌മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. പ്രവേശനം നേടാൻ താത്പര്യമില്ലാത്തവർക്ക് അലോട്ട്‌മെന്റ് വേണ്ടെന്നുവെച്ച് രണ്ടാം റൗണ്ട് നടപടികളിൽ പങ്കെടുക്കാം. ഡെപ്പോസിറ്റ് നഷ്ടപ്പെടില്ല. രണ്ടാം റൗണ്ട് നടപടികൾ 26 മുതൽ 30 വരെ നടക്കും. ഒക്ടോബർ രണ്ടിന് അലോട്ട്‌മെന്റ് ലിസ്റ്റ് വരും. മൂന്ന് മുതൽ ഒന്പത് വരെയാണ് പ്രവേശന സമയം. ഒക്ടോബർ 14നും 20നുമിടയിൽ മൂന്നാം റൗണ്ട് രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിംഗും നടക്കും. അലോട്ട്‌മെന്റ് ലിസ്റ്റ് 23നും കോളജ് പ്രവേശനം 24നും 29നുമിടയിലും നടക്കും.
സ്‌ട്രേ വേക്കൻസി റൗണ്ട്
മൂന്നാം റൗണ്ടിന് ശേഷം ഒഴിവുള്ള സീറ്റുകൾ സ്‌ട്രേ വേക്കൻസി റൗണ്ട് വഴി നികത്തും. രണ്ട് റൗണ്ടുകളുണ്ടാകും. രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിംഗും ഒന്നാം റൗണ്ടിൽ മാത്രം. മൂന്നാം റൗണ്ട് വരെ രജിസ്റ്റർ ചെയ്യാത്തവർക്കും സ്‌ട്രേ റൗണ്ടിൽ രജിസ്റ്റർ ചെയ്യാനവസരമുണ്ടാകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത്, നവംബർ നാലിനും ഒന്പതിനുമിടയിൽ ചോയ്‌സ് ഫില്ലിംഗ് നടത്തണം. നവംബർ 12ന് അലോട്ട്‌മെന്റ് വരും. 13നും 18നുമിടയിൽ കോളജിൽ പ്രവേശനം നേടണം. രണ്ടാം സ്‌ട്രേ റൗണ്ടിൽ പുതുതായി രജിസ്റ്റർ ചെയ്യാനോ ചോയ്സ് നൽകാനോ സാധ്യമല്ല. ഒന്നാം സ്‌ട്രേ റൗണ്ടിൽ നൽകിയ ചോയ്സുകൾ പരിഗണിച്ച് നവംബർ 24ന് രണ്ടാം സ്‌ട്രേ റൗണ്ടിന്റെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 25നും 30നുമിടയിൽ കോളജിൽ പ്രവേശനം നേടണം.
കേരളത്തിലും അവസരം
എ എ സി സി സി കൗൺസലിംഗ് വഴി കേരളത്തിലും ബി എ എം എസ്, ബി എച്ച് എം എസ് പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ഗവ.ആയുർവേദ കോളജുകൾ, ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളജ്, കോട്ടക്കൽ വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളജ് എന്നിവിടങ്ങളിലെ 15 ശതമാനം ബി എ എം എസ് സീറ്റുകൾ, അമൃത സ്‌കൂൾ ഓഫ് ആയുർവേദയിലെ മുഴുവൻ ബി എ എം എസ് സീറ്റുകൾ എന്നിവ അഖിലേന്ത്യ കൗൺസലിംഗ് വഴിയാണ് നികത്തുന്നത്. കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളജുകൾ, ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ കോളജ്, നേമം ശ്രീവിദ്യാധിരാജ മെമ്മോറിയൽ ഹോമിയോ കോളജ്, കുറിച്ചി ആതുരാശ്രമം എൻ എസ് എസ് ഹോമിയോ കോളജ് എന്നിവിടങ്ങളിലെ 15 ശതമാനം ബി എച്ച് എം എസ് സീറ്റുകളും അഖിലേന്ത്യ കൗൺസലിംഗ് വഴിയാണ് നികത്തുക. വിവരങ്ങൾക്ക്: aaccc.gov.in/ug-counselling, ഹെൽപ്‌ലൈൻ: :011-35089100, 9289445610 ഇമെയിൽ : counseling-aaccc. aiia.gov.in.
Content Highlights:
AACCC has commenced NEET UG registration for all India quota seats in BAMS, BHMS, BUMS, and BSMS courses. Candidates can register online at aaccc.gov.in until September 13. The counseling process spans four rounds including a stray vacancy round for seat allocations across institutes.



