Eduline
പഠനത്തിന് ഇന്ത്യ മതിയെന്ന് ജെൻ സി
വിദേശപഠനത്തിന്റെ ഉയർന്ന ചെലവ്, വിസാ നടപടികളിലെ അനിശ്ചിതത്വം, പഠനം പൂർത്തിയാക്കിയ ശേഷമുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് വിദ്യാർഥികളുടെ തീരുമാനത്തിന് പിന്നിൽ.
ന്യൂഡൽഹി | വിദേശത്ത് പഠിക്കുന്നതിനേക്കാൾ ഇന്ത്യയിൽ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള സർവകലാശാലകളുടെ പ്രോഗ്രാമുകളിൽ പഠിക്കാനാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ താത്പര്യമെന്ന് റിപോർട്ട്. വിദേശപഠനത്തിന്റെ ഉയർന്ന ചെലവ്, വിസാ നടപടികളിലെ അനിശ്ചിതത്വം, പഠനം പൂർത്തിയാക്കിയ ശേഷമുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് വിദ്യാർഥികളുടെ തീരുമാനത്തിന് പിന്നിൽ.
എമിറിറ്റസ് റിപോർട്ട്
എമിറിറ്റസ് പുറത്തിറക്കിയ “India’s GenZ Outlook 2026: Recalculating Education, Ambition, and Success; The No Cap Generation’ എന്ന റിപോർട്ടിലാണ് ഈ കണ്ടെത്തലുകൾ. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലായി 15 നും 28 നും ഇടയിൽ പ്രായമുള്ള 1,010 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപോർട്ട് തയ്യാറാക്കിയത്.
വിദേശത്ത് പഠിക്കാൻ താത്പര്യമുള്ളവരിൽ 48 ശതമാനം പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശപഠനത്തോടുള്ള താത്പര്യം കുറഞ്ഞതായി വ്യക്തമാക്കി. വിദേശപഠനത്തിനുള്ള താത്പര്യത്തിൽ ഏറ്റവും വലിയ ഇടിവ് അമേരിക്കയോടാണെന്നും റിപോർട്ട് പറയുന്നു. അതേസമയം, വിദേശത്തേക്ക് പോകാതെ തന്നെ അന്താരാഷ്ട്ര വിദ്യാഭ്യാസം നേടാനുള്ള സാധ്യതകളിലേക്ക് വിദ്യാർഥികൾ കൂടുതൽ ശ്രദ്ധ തിരിക്കുന്നുണ്ട്. പ്രി-കോളജ് വിഭാഗത്തിലെ 87 ശതമാനം പേരും ഉന്നതവിദ്യാഭ്യാസത്തിലേക്ക് മാറുന്നവരിൽ 92 ശതമാനം പേരും ഇന്ത്യയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര റാങ്കിംഗുള്ള സർവകലാശാലകളുടെ പ്രോഗ്രാമുകൾ പരിഗണിക്കാൻ സാധ്യതയുള്ളവരാണെന്ന് സർവേ വ്യക്തമാക്കുന്നു.
ഉന്നതവിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന വിദ്യാർഥികളിൽ 69 ശതമാനം പേരും വിദേശത്ത് പഠിക്കുന്നതിനേക്കാൾ ഇന്ത്യയിൽ ലഭിക്കുന്ന അന്താരാഷ്ട്ര പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാനാണ് താത്പര്യം പ്രകടിപ്പിച്ചത്.
വിസാ നടപടികളിലെ അനിശ്ചിതത്വമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ഹൈബ്രിഡ് വിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും വിദ്യാർഥികൾക്കിടയിൽ സ്വീകാര്യത വർധിക്കുന്നതായി റിപോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ പഠിക്കുന്നതിനൊപ്പം വിദേശ സർവകലാശാലകളുമായി ബന്ധപ്പെടാനും ഹോം ക്യാമ്പസ് സന്ദർശനം, സെമസ്റ്റർ എക്‌സ്‌ചേഞ്ച് തുടങ്ങിയ അവസരങ്ങളിലൂടെ അന്താരാഷ്ട്ര അനുഭവം നേടാനും ഇത്തരം പ്രോഗ്രാമുകൾ സഹായിക്കുന്നു. ഇത്തരം കോഴ്‌സുകളോടുള്ള താത്പര്യം പ്രീ-കോളജ് വിദ്യാർഥികളിൽ 27 ശതമാനത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിലേക്ക് മാറുന്നവരിൽ 39 ശതമാനമായി ഉയർന്നു.
എ ഐയുടെ സ്വാധീനം
വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ ഐ) ഉപയോഗം വ്യാപകമാകുകയാണ്. സർവേയിൽ പങ്കെടുത്തവരിൽ 82 ശതമാനം പേരും ആഴ്ചയിൽ കുറഞ്ഞത് ഒരിക്കലെങ്കിലും എ ഐ അല്ലെങ്കിൽ ജനറേറ്റീവ് എ ഐ ടൂളുകൾ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയോ പുതിയ കഴിവുകൾ വികസിപ്പിക്കുകയോ ചെയ്യുന്നതായി പറഞ്ഞു.
എന്നാൽ, തുടർച്ചയായി പുതിയ കഴിവുകൾ നേടിയെടുക്കണമെന്ന സമ്മർദം വിദ്യാർഥികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിരന്തരം പുതിയ കഴിവുകൾ കണ്ടെത്തേണ്ടത് സമർദമുണ്ടാക്കുന്നതായി 60 ശതമാനം പേർ പറയുന്നു. അതേസമയം, തൊഴിൽരംഗത്ത് മത്സരക്ഷമരായി തുടരാൻ ശരിയായ കഴിവുകൾ സ്വന്തമാക്കുന്നത് നിർണായകമാണെന്ന് 75 ശതമാനം പേരും അഭിപ്രായപ്പെട്ടു. വിദേശപഠനത്തിന്റെ ചെലവും വിസാ- തൊഴിൽ അനിശ്ചിതത്വങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് തന്നെ അന്താരാഷ്ട്ര വിദ്യാഭ്യാസം നേടാനുള്ള വഴികൾ ഇന്ത്യൻ ജെൻ സിയുടെ വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ പ്രാധാന്യം നേടുന്നതിന്റെ സൂചനയാണ് റിപോർട്ട് നൽകുന്നത്.
Content Highlights:
Indian students increasingly prefer studying in foreign university programs based within India rather than moving abroad. The Emeritus Gen Z Outlook 2026 report highlights high expenses, visa delays, and post-study job concerns as key factors. AI tool usage is also rising among students.




