Connect with us

Kerala

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോയെന്ന് സംശയിക്കേണ്ട സാഹചര്യം: കണ്ണൂര്‍ മേയര്‍

എ ഡി എമ്മിന്റെ മരണവിവരം പുറത്തു വന്നതിനു ശേഷം പോലീസ് നടത്തിയ ഇടപെടലുകളിലും കാണിച്ച ധൃതിയിലും ദുരൂഹതയുണ്ട്.

Published

|

Last Updated

പത്തനംതിട്ട | മരണപ്പെട്ട കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോ എന്ന സംശയത്തിന് ബലമേറുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മടത്തില്‍. മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഡി എമ്മിന്റെ മരണവിവരം പുറത്തു വന്നതിനു ശേഷം പോലീസ് നടത്തിയ ഇടപെടലുകളിലും കാണിച്ച ധൃതിയിലും ദുരൂഹതയുണ്ട്. ജനപ്രതിനിധികള്‍ അടക്കമുള്ളവരില്‍ നിന്നും കാര്യങ്ങള്‍ മറച്ചുപിടിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ ഗുരുതരമായ ചില സംശയങ്ങള്‍ക്ക് വഴിവച്ചു. ദിവ്യയുടെ അറസ്റ്റ് ഉറപ്പാക്കുന്ന നിമിഷം വരെ മുസ്‌ലിം ലീഗ് കണ്ണൂരില്‍ റിലേ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബുമായി ഉണ്ടായിരുന്ന വ്യക്തിബന്ധം മേയര്‍ കുടുംബവുമായി പങ്കിട്ടു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കണ്ണൂര്‍ ജില്ലക്ക് പുറത്ത് നടത്തണമെന്ന തങ്ങളുടെ ആവശ്യം പോലീസ് പരിഗണിച്ചില്ലെന്ന പരാതി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മേയറോടും ആവര്‍ത്തിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാനവാസ് അലിയാര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി നിതിന്‍ കിഷോര്‍, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് കുമ്മണ്ണൂര്‍ സാദിഖ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, എസ് ടി യു സംസ്ഥാന കൗണ്‍സിലംഗം അന്‍സാരി മന്ദിരം എന്നിവര്‍ മേയറോടൊപ്പമുണ്ടായിരുന്നു.