Kerala
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
മലപ്പുറം കരുളായി അമരമ്പലം പനങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ റഷീദാ(43)ണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്
മലപ്പുറം | ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ റഷീദാ(43)ണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്.
ഹോട്ടല്‍ ജീവനക്കാരായ അതിഥി തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന, പാലപ്പുറത്തെ മുറികളില്‍നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 3,500 രൂപയും മോഷണംപോയ കേസിലാണ് അറസ്റ്റ്. നാലു ദിവസം മുന്‍പാണ് അബ്ദുള്‍ റഷീദ് ഇവിടെ എത്തിയത്. സ്ഥലവും സ്ഥിതിഗതികളും മനസിലാക്കിയശേഷം വ്യാഴാഴ്ച രാവിലെ മുറികളില്‍ കയറി മോഷണം നടത്തിയെന്ന് പൊലീസ് പറയുന്നു.
ഒരു വിഭാഗം തൊഴിലാളികള്‍ ഹോട്ടലില്‍ ജോലിക്കുപോകുന്ന സമയവും മറ്റു തൊഴിലാളികള്‍ ഉറങ്ങുന്ന സമയവും കണക്കാക്കിയായിരുന്നു മോഷണം. തൊഴിലാളികളുടെ പരാതിയില്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങളെല്ലം ലഭിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് അബ്ദുള്‍ റഷീദിനെ ഷൊര്‍ണൂരിലെ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ, കാളികാവ്, അരീക്കോട്, കാടാമ്ബുഴ, കുറ്റിപ്പുറം, കോട്ടയ്ക്കല്‍, മലപ്പുറം, തിരൂര്‍, നിലമ്ബൂര്‍, പേരാമംഗലം, തൃശ്ശൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലായി 16-ഓളം സമാനമായ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ റഷീദെന്നു പോലീസ് പറഞ്ഞു.




