Kerala
സൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ
പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു

തിരുവനന്തപുരം | നെടുമങ്ങാട് സ്വദേശി സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. മറ്റു വകുപ്പുകളിൽ 20 വർഷത്തെ തടവും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.
ഭർത്താവ് രതീഷുമായി പിണങ്ങി അമ്മ വത്സലയോടൊപ്പം നെടുമങ്ങാട്ടെ വീട്ടിൽ കഴിഞ്ഞു വരുന്നതിനിടെ, 2021 ആഗസ്റ്റ് 30നാനാണ് സൂര്യ ഗായത്രിക്ക് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 31ന് പുലർച്ചെ സൂര്യഗായത്രി മരിച്ചു.
വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകയറിയ പ്രതിൽ കൈയിൽ കരുതിയ കത്തികൊണ്ട് സൂര്യഗായത്രിയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. സൂര്യഗായത്രിയുടെ ശരീരത്തിൽ 15 കുത്തുകളേറ്റതിന്റെ അടയാളമുണ്ടായിരുന്നു.
അരുൺ മോഷണക്കേസിലെ പ്രതിയാണെന്നറിഞ്ഞതിനെ തുടർന്ന് വിവാഹ അഭ്യർഥന നിഷേധിച്ചതാണ് കൊടുംകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്.