Connect with us

Kerala

സര്‍വേ ഫലം എതിര്; കേരളത്തില്‍ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം

കനഗോലു സംഘത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും ഇടത് എം എല്‍ എ മാരുടെ ജനപിന്തുണ ഇടിഞ്ഞിട്ടില്ലെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

ശബരിമല സ്വര്‍ണക്കൊള്ളമാത്രമാണ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ തുറന്നു കാട്ടേണ്ടത് അനിവാര്യമാണെന്നും കനഗോലു സംഘത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. എല്‍ ഡി എഫ് എം എല്‍ എമാര്‍ക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് സര്‍വ്വേ ഫലം പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സര്‍ക്കാരിന് എതിരെയുള്ള എതിര്‍പ്പല്ലെന്നും പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിര്‍പ്പാണെന്നുമാണ് സര്‍വ്വേയില്‍ പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവും നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളും സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒന്നില്‍ കൂടുതല്‍ സര്‍വേ നടത്തിയിരുന്നു.

ഇങ്ങനെ നടത്തിയ രണ്ട് സര്‍വേ ഫലങ്ങളിലാണ് എല്‍ ഡി എഫ് എം എല്‍ എമാര്‍ക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സര്‍ക്കാരിനെതിരെ ജനവികാരമില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ വികാരമുണ്ട്. അത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാരം മാത്രമാണ്. എല്‍ ഡി എഫ് സിറ്റിംഗ് എം എല്‍ എമാരുടെ മണ്ഡലങ്ങളിലെ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ വികസന നയങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുന്നുണ്ടെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

എല്‍ ഡി എഫ് എംഎല്‍എമാര്‍ക്ക് ജനപിന്തുണ വര്‍ധിക്കുകയാണ് ഉണ്ടായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് തലത്തിലടക്കം പ്രാദേശികതലങ്ങളില്‍ നേതാക്കള്‍ സജീവമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. സര്‍വേ ഫലം പുറത്തുവന്നതോടെ യു ഡി എഫ് ക്യാമ്പില്‍ കടുത്ത ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്നുകാട്ടുന്ന പ്രവര്‍ത്തനം പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.

 

Latest