National
സിവില്‍ ജഡ്ജി നിയമനം: അഭിഭാഷക പ്രാക്ടീസ് കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ച് സുപ്രീംകോടതി
നിയമനത്തിനുശേഷം കര്‍ശന പരിശീലനവും ക്ലര്‍ക്ക്ഷിപ്പും നിര്‍ബന്ധമാക്കി കോടതിയുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി| സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) തസ്തികയിലേക്കുള്ള നിയമനത്തില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യേണ്ട കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചു സുപ്രീംകോടതി ഉത്തരവ്. നിയമനത്തിനുശേഷം കര്‍ശന പരിശീലനവും ക്ലര്‍ക്ക് ഷിപ്പും നിര്‍ബന്ധമാക്കിയാണ് കോടതിയുടെ പുതിയ തീരുമാനം. 2025 മെയ് മാസം പുറപ്പെടുവിച്ച ഉത്തരവിലാണ് ജഡ്ജി നിയമനത്തിന് മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് നിര്‍ബന്ധമാക്കിയത്. ഇതിനെതിരായ പുനഃപരിശോധനാ ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ വിധി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പുതിയ വിധി. അതേസമയം, 2025ലെ മുന്‍ ഉത്തരവ് ശരിവച്ച ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യം സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ തീവ്ര പരിശീലനം പൂര്‍ത്തിയാക്കണം. ശേഷം ആറു മാസം ജില്ലാ ജഡ്ജിക്ക് കീഴിലും ആറു മാസം ഹൈക്കോടതി ജഡ്ജിയുടെ കീഴിലും ക്ലര്‍ക്ക് ഷിപ്പും ചെയ്യണം. ഈ ഒരു വര്‍ഷത്തെ പരിശീലനവും ക്ലര്‍ക്ക്ഷിപ്പും ചേര്‍ത്താണ് മൂന്ന് വര്‍ഷത്തെ യോഗ്യതയ്ക്ക് തുല്യമായി കണക്കാക്കുന്നത്.
2027 മാര്‍ച്ച് 31 വരെ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിഭാഷക പ്രാക്ടീസ് ആവശ്യമില്ല. ഇവര്‍ക്ക് ഒരു വര്‍ഷത്തെ പ്രാക്ടീസ് പൂര്‍ത്തിയാക്കിയതായി കണക്കാക്കും. ഇവര്‍ക്കും ഒരു വര്‍ഷത്തെ പരിശീലനവും ഒരു വര്‍ഷത്തെ ക്ലര്‍ക്ക് ഷിപ്പും നിര്‍ബന്ധമാണ്.
2027 ഏപ്രില്‍ ഒന്നിന് ശേഷം അപേക്ഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സജീവ പ്രാക്ടീസ് നിര്‍ബന്ധമായിരിക്കും. ഒപ്പം മുകളില്‍ പറഞ്ഞ പരിശീലനവും ക്ലര്‍ക്ക് ഷിപ്പും പൂര്‍ത്തിയാക്കുകയും വേണം. പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ശമ്പളത്തിന്റെ പകുതി തുക അലവന്‍സായി കിട്ടും. പരിശീലനത്തിനു ശേഷം ഹൈക്കോടതി ജഡ്ജി നല്‍കുന്ന റിപ്പോര്‍ട്ട് തൃപ്തികരമാണെങ്കില്‍ മാത്രമേ ഇവരെ സ്ഥിരം തസ്തികയില്‍ നിയമിക്കുകയുള്ളൂ.
Content Highlights:
Supreme Court reduced the required law practice duration for Civil Judge Junior Division recruitment from three years to one year. Candidates must undergo mandatory training at the State Judicial Academy and complete clerkship. Justice K Vinod Chandran dissented from the majority ruling.



