National
പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു
ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 'കലൈമാമണി' പുരസ്‌കാരവും, 2022-ല്‍ പത്മശ്രീ ബഹുമതിയും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സൗകാര്‍ ജാനകിയെ തേടിയെത്തി.
ചെന്നൈ | പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് 1.59ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1931-ല്‍ ശങ്കരമഞ്ചി ജാനകി എന്ന പേരില്‍ ജനിച്ച അവര്‍, സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതോടെയാണ് ‘സൗകാര്‍ ജാനകി’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എല്‍ വി പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ‘ഷാവുകാരു’ (Shavukaru) ആയിരുന്നു അവരുടെ അരങ്ങേറ്റ ചിത്രം. ഈ ചിത്രമാണ് അവര്‍ക്ക് ‘സൗകാര്‍’ ജാനകി എന്ന പേര് നേടിക്കൊടുത്തത്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് ‘കലൈമാമണി’ പുരസ്‌കാരവും, 2022-ല്‍ പത്മശ്രീ ബഹുമതിയും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സൗകാര്‍ ജാനകിയെ തേടിയെത്തി.
1952-ല്‍ ‘വലയപതി’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച അവര്‍, ചുരുങ്ങിയ കാലത്തിനുള്ളില്‍ തമിഴ് സിനിമയിലെ മുന്‍നിര നടിയായി മാറി. നടിമാര്‍ പരമ്പരാഗത വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കാലഘട്ടത്തില്‍, വൈവിധ്യമാര്‍ന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അക്കാലത്തെ പ്രമുഖ നായകന്മാരോടൊപ്പം നായികയായി അഭിനയിച്ച അവര്‍, പിന്നീട് നായിക വേഷങ്ങളില്‍ നിന്ന് സ്വഭാവ നടിയെന്ന നിലയിലേക്ക് വിജയകരമായി മാറുകയും ആ വേഷങ്ങളിലും തിളങ്ങുകയും ചെയ്തു.
ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടയില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചു. 2023-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ‘അന്നി മഞ്ചി സകുനമുലെ’ (Anni Manchi Sakunamule) ആണ് അവരുടെ അവസാന ചിത്രം. സിനിമക്ക് പുറമെ മുന്നൂറിലധികം നാടകങ്ങളിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും സൗകാര്‍ ജാനകി വേഷമിട്ടിട്ടുണ്ട്.
Content Highlights:
Legendary South Indian actress Sowcar Janaki has passed away. She appeared in over 400 films across Malayalam, Tamil, Telugu, and Kannada cinema. The Indian film industry mourns the loss of one of its most versatile and celebrated veteran performers.


