Connect with us

National

വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി

വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാലു മാസത്തിനുശേഷവും വിധി പ്രസ്താവിച്ചിട്ടില്ലെങ്കില്‍, ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാവുന്നതാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  കേസുകളില്‍ വിധിപ്രസാതാവം നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതികള്‍ക്ക് സുപ്രധാന മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണമെന്നാണ് പരമോന്നത കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ അതിനും മുമ്പു തന്നെ വിധി പ്രസ്താവിക്കേണ്ടതാണ്. ജാമ്യ ഹരജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു കേസിൽ വാദം പൂർത്തിയാക്കി ആറ് മാസത്തിന് ശേഷവും വിധി പുറപ്പെടുവിക്കാതിരിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ‘വേഗത്തിലുള്ള നീതി’ എന്ന പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

വിധി പറയാൻ വൈകുന്നത് മൂലം കക്ഷികൾക്ക് ഉണ്ടാകുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഈ ഉത്തരവ് സഹായിക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ വിവിധ കോടതികളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടും വിധി പ്രസ്താവം നീണ്ടുപോകുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ചില ജഡ്ജിമാര്‍ വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് കേസുകള്‍ വിധി പ്രസ്താവം നടത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് സുപ്രധാന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസുകളില്‍ മൂന്നു മാസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണം. വിധി പ്രസ്താവം നീണ്ടുപോയാല്‍ അക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ചീഫ് ജസ്റ്റിസിന് വാദം കേട്ട ബെഞ്ചിനോട് രണ്ടാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാന്‍ നിര്‍ദേശിക്കാം. അതുണ്ടായില്ലെങ്കില്‍ മറ്റൊരു ബെഞ്ചിലേക്ക് ഈ കേസ് ലിസ്റ്റ് ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ വിധി പറയണം. ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി പറയണം. അങ്ങനെ ജാമ്യം അനുവദിക്കുന്ന പക്ഷം, അതേ ദിവസം തന്നെ ജയില്‍ അധികൃതരെ അറിയിക്കണം. വിചാരണ തടവുകാരാണെങ്കില്‍ കാലതാമസം കൂടാതെ തന്നെ അവരുടെ മോചനം ഉറപ്പാക്കണമെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാലു മാസത്തിനുശേഷവും വിധി പ്രസ്താവിച്ചിട്ടില്ലെങ്കില്‍, ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാവുന്നതാണ്. ഓപ്പണ്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി 24 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്

 

Latest