Connect with us

International

സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇനിയും വൈകും; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ചു

സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വൈകുംതോറും സുനിത വില്യംസ് അടക്കം 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.

Published

|

Last Updated

കാലിഫോര്‍ണിയ| അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള സുനിത വില്യംസിന്റെ മടങ്ങിവരവ് ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത സംഘം യാത്രക്കാരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഇനിയും നീളുന്നത്.

ഇന്ന് പുലര്‍ച്ചെ (ഇന്ത്യന്‍ സമയം)5.18നായിരുന്നു സ്പേസ് എക്സ് ക്രൂ 10ന്റെ വിക്ഷേപണം നടക്കേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്‌നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന് സ്‌പേസ് എക്‌സും നാസയും അറിയിച്ചിട്ടില്ല. സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വൈകുംതോറും സുനിത വില്യംസ് അടക്കം 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.

ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനറിന്റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല.

നിരവധി തവണ ഇരുവരെയും തിരികെയെത്തിക്കാന്‍ നാസ ശ്രമിച്ചെങ്കിലും സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. തുടര്‍ന്ന് നാസയും ബോയിംഗും ചേര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്‌സിക്കോയില്‍ 2024 സെപ്തംബര്‍ 7ന് ലാന്‍ഡ് ചെയ്യിക്കുകയാണ് ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരേണ്ടിവരികയായിരുന്നു. അതിനിടെ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് സുനിത വില്യംസ് സ്വന്തമാക്കുകയും ചെയ്തു.