National
മാധ്യമ പ്രവർത്തകന്റെ കൊലപാതകം; ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെ കുറ്റവിമുക്തനാക്കി
രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ ഹരിയാനയിലെ റോഹ്തക് സുനരിയ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹീം.
ചണ്ഡീഗഢ് | മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. സി ബി ഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗുർമീത് റാം റഹീമിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
കേസിലെ മറ്റ് മൂന്ന് പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു. 2019 ജനുവരി 17-നാണ് പഞ്ച്കുളയിലെ പ്രത്യേക സി ബി ഐ കോടതി ഗുർമീത് റാം റഹീമിനും മറ്റ് മൂന്ന് പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എന്നാൽ തന്നെ കേസിൽ വ്യാജമായി കുടുക്കിയതാണെന്നും 2002-ൽ പോലീസ് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഗുർമീത് കോടതിയിൽ വാദിച്ചു.
മാധ്യമപ്രവർത്തകനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സി ബി ഐക്ക് സാധിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ‘പൂരാ സച്ച്’ എന്ന പത്രത്തിൽ ദേരയ്‌ക്കെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഈ പത്രം ഗുർമീത് വായിച്ചിരുന്നതായി തെളിയിക്കാൻ പോലും അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ ഹരിയാനയിലെ റോഹ്തക് സുനരിയ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹീം.
Summary
The Punjab and Haryana High Court has acquitted Dera Sacha Sauda chief Gurmeet Ram Rahim Singh in the 2002 murder case of journalist Ram Chander Chhatrapati. The court overturned the 2019 life imprisonment sentence handed down by a special CBI court, citing a lack of concrete evidence regarding the conspiracy. While the Dera chief was cleared, the conviction of three other accused in the case was upheld by the division bench.



