Connect with us

Kerala

ഭൂട്ടാന്‍ വാഹനക്കടത്ത്; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

പശ്ചിമബംഗാള്‍ സ്വദേശി ബിസ്വദീപ് ദാസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

കൊച്ചി| ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് വാഹനക്കടത്ത് നടത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി ബിസ്വദീപ് ദാസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ബംഗാളില്‍ നിന്ന് പിടികൂടിയ ഇയാളെ കേരളത്തില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു. ആഡംബരകാറുകള്‍ ഭൂട്ടാനില്‍ നിന്ന് രാജ്യത്തേക്ക് കടത്തിയതിനാണ് അറസ്റ്റ്. കേസില്‍ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.പിടിയിലായ മുഖ്യസൂത്രധാരന്‍ വഴി വാഹനക്കടത്ത് സംഘത്തിലെ കൂടുതല്‍ പേരിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

ഭൂട്ടാന്‍ റോയല്‍ ആര്‍മിയുടെയും മറ്റും പേരില്‍ വ്യാജരേഖകള്‍ ചമച്ച് നികുതി നല്‍കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര കാറുകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഓപറേഷനാണ് നുംകൂര്‍. ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് ബിസ്വദീപിന്റെ അറസ്റ്റ് നടന്നത്. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ച ശേഷം ഇവ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാജ രേഖ ചമച്ച് റീ റജിസ്ട്രേഷന്‍ നടത്തും. തുടര്‍ന്നാണ് ഇവ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നത്.

ഭൂട്ടാനില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളിലെത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ് ബിസ്വദീപ്. ഇയാള്‍ വിപ്രോയിലെ സീനിയര്‍ എന്‍ജിനീയര്‍ ആണെന്നാണ് കസ്റ്റംസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബംഗാളിലെത്തി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയത്. ശേഷം കേരളത്തിലെത്തിക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. കൊച്ചി കേന്ദ്രീകരിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളുടെയും ബിസിനസുകാരുടെയും വീടുകളില്‍ പരിശോധന നടത്തി ചില വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

 

 

Latest