Connect with us

From the print

സൺഡേ ബ്ലോക്ക്ബസ്റ്റർ

ജയിച്ചാൽ മൂന്നാം ലോകകിരീടം മാത്രമല്ല, സ്വന്തം മണ്ണിൽ ലോക കിരീടം നേടുകയും ടി20 ലോകകപ്പ് നിലനിർത്തുകയും ചെയ്യുന്ന ടീം ആയും ഇന്ത്യക്ക് മാറാം

Published

|

Last Updated

അഹമ്മദാബാദ് | ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ചരിത്ര നേട്ടങ്ങൾ സമ്മാനിച്ച അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ചരിത്രലക്ഷ്യത്തിന് ഇന്ത്യയിറങ്ങുന്നു. സുനിൽ ഗവാസ്‌കർ ടെസ്റ്റിൽ 10,000 റൺസ് തികച്ച, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് (432) നേടുന്ന ഇന്ത്യൻ ക്രിക്കറ്ററായി കപിൽ ദേവ് മാറിയ, മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ന് ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ന്യൂസിലാൻഡിനെ നേരിടുമ്പോൾ ഇന്ത്യക്ക് ഒന്നിലധികം നാഴികക്കല്ലുകൾ താണ്ടാനുള്ള മികച്ച അവസരം. ജയിച്ചാൽ മൂന്നാം ലോകകിരീടം മാത്രമല്ല, സ്വന്തം മണ്ണിൽ ലോക കിരീടം നേടുകയും ടി20 ലോകകപ്പ് നിലനിർത്തുകയും ചെയ്യുന്ന ടീം ആയും ഇന്ത്യക്ക് മാറാം. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇതേ വേദിയിൽ ആസ്‌ത്രേലിയയോട് പരാജയപ്പെട്ട് ഹൃദയം തകർന്ന് മൈതാനം വിട്ട ഇന്ത്യൻ ടീമിന് ഇതേ മൈതാനത്ത് ഹർഷാരവം മുഴക്കാനുള്ള സുവർണാവസരമാണിന്ന്.

ഓപണർ സഞ്ജു സാംസണിന്റെ മികച്ച തുടക്കവും ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും കാഴ്ചവെക്കുന്ന കിടിലൻ പെർഫോമൻസുകളുമണ് ഇന്ത്യയുടെ കരുത്ത്.
മറുവശത്ത് ഫിൻ അലന്റെ മാന്ത്രിക ബാറ്റിംഗ് ഇന്ത്യക്ക് തലവേദനയാകും. സഹ ഓപണർ ടിം സീഫെർട്ടും കത്തിക്കയറുന്ന പ്രകടനമാണ് പുറത്തെടുക്കുക. ബൗളർമാരിൽ 11 വിക്കറ്റുമായി രചിൻ രവീന്ദ്രയും മികച്ച ഫോമിലാണ്.
ക്രിക്കറ്റിന്റെ വലിയ വേദികളിലെല്ലാം ന്യൂസിലാൻഡിനോട് ഇന്ത്യ പതറിയിട്ടുണ്ട്. 2019 ലോകകപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്ററിലും 2021 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സൗതാംപ്ടണിലും കിവികൾ ഇന്ത്യൻ പ്രതീക്ഷകൾ തകർത്തിരുന്നു.
1980കളിലും 90കളിലും ഇന്ത്യക്കാരുടെ രണ്ടാമത്തെ ഫേവറിറ്റ് ടീം വെസ്റ്റിൻഡീസ് ആയിരുന്നുവെങ്കിൽ ഇന്നത് ന്യൂസിലാൻഡ് ആയി മാറിയിട്ടുണ്ട്. കെയിൻ വില്യംസണിനെ പോലുള്ള താരങ്ങൾക്ക് ഏറെ ഫാൻസുണ്ട് ഇന്ത്യയിൽ.

വമ്പൻ സ്‌കോർ
കറുപ്പും ചുവപ്പും മണ്ണ് കലർന്ന അഹമ്മദാബാദിലെ പിച്ചിൽ വമ്പൻ ടോട്ടലാകും പിറക്കുക. ചുവന്ന മണ്ണ് പിച്ച് നല്ല ബൗൺസ് നൽകുകയും ഇത് ബാറ്റർമാർക്ക് കൂടുതൽ അനുകൂലമാകുമെന്നുമാണ് കരുതപ്പെടുന്നത്.
ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ വരുൺ ചക്രവർത്തിക്കും അഭിഷേക് ശർമക്കും പകരം കുൽദീപ് യാദവിനെയും റിങ്കു സിംഗിനെയും ഉൾപ്പെടുത്തണമെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം. എന്നാൽ, നിലവിലെ പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.
ഈഡൻ ഗാർഡനിലെ സെമിയിൽ ഇഷ് സോധിക്ക് പകരം ജയിംസ് നീഷാമിനെ കളിപ്പിച്ച ന്യൂസിലാൻഡ് അതേ കോന്പിനേഷൻ തന്നെ നിലനിർത്താനാണ് സാധ്യത. ബാറ്റിംഗ് കരുത്താണ് വിജയത്തിൽ ഘടകമാകുക എന്ന അഭിപ്രായമാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർക്കുള്ളത്.

---- facebook comment plugin here -----

Latest