Connect with us

Cover Story

വേനൽനോവ്

ഒരോർമ പോലും ബാക്കിയില്ലാതെ തുടച്ചു വറ്റിച്ച ജല പ്രതീതികള്‍ക്കു മീതെ വെയിലു കൊണ്ട് നിലമെഴുതണം. ഇലകളെല്ലാം തല്ലിക്കൊഴിച്ചിടണം. മുണ്ഡനം ചെയ്ത മരങ്ങളുടെ ആദിമമായ നില്‍പ്പിലേക്ക് ഇറ്റു വെള്ളത്തിനായി പക്ഷികളെ പറഞ്ഞയക്കണം. എല്ലാ മരങ്ങളും ഉണങ്ങി വരണ്ട്, എല്ലാ ഉറവകളും വരണ്ട്, എല്ലാ പാടങ്ങളും വിണ്ട്, എല്ലാ ഓർമകളും തരിശായി നില്‍ക്കുമ്പോള്‍ വേനല്‍ അതിന്റെ ഇന്ദ്രജാലത്തിന്റെ വൃത്തം പൂര്‍ത്തിയാക്കും.

Published

|

Last Updated

റ്റവേനൽ വിതുമ്പാനൊരുങ്ങുന്നു
കണ്ണുവാർക്കാൻ കണ്ണുനീരില്ലൊരു
വിണ്ടുകീറിയ കാൽപാദങ്ങളിൽ
നിറ്റലകറ്റാൻ ഇത്തിരി നീറ്റിരിക്കാൻ –

മഴ പോലെ തന്നെയാണ് വേനൽ…. വസന്തത്തിന്റെ മനോഹാരിത ഇല്ലെങ്കിലും വേനലിന് അതിന്റെതായ സൗന്ദര്യം ഉണ്ടായിരുന്നു. മഞ്ഞുകാലത്തിന്റെ നൈർമല്യമില്ലെങ്കിലും ഭൂമിയെ പുഷ്പിക്കാൻ വേനലിനും അപാരമായ കഴിവുണ്ടായിരുന്നു… മഴ പോലെ വേനലിനുമുണ്ട് കരുതി വെപ്പുകള്‍, ഒരുക്കങ്ങള്‍. ഒറ്റ വീര്‍പ്പില്‍ പെയ്തു കൊണ്ടേയിരിക്കുന്ന മഴയുടെ സിത്താര്‍ നാദം മുറിച്ചിടണം. കാറ്റുവരവുകളുടെ ശൂന്യതയാല്‍ അവിടെ നിറയ്ക്കണം. ഒരോർമ പോലും ബാക്കിയില്ലാതെ തുടച്ചു വറ്റിച്ച ജല പ്രതീതികള്‍ക്കു മീതെ വെയിലു കൊണ്ട് നിലമെഴുതണം. ഇലകളെല്ലാം തല്ലിക്കൊഴിച്ചിടണം. മുണ്ഡനം ചെയ്ത മരങ്ങളുടെ ആദിമമായ നില്‍പ്പിലേക്ക് ഇറ്റു വെള്ളത്തിനായി പക്ഷികളെ പറഞ്ഞയക്കണം. എല്ലാ മരങ്ങളും ഉണങ്ങി വരണ്ട്, എല്ലാ ഉറവകളും വരണ്ട്, എല്ലാ പാടങ്ങളും വിണ്ട്, എല്ലാ ഓർമകളും തരിശായി നില്‍ക്കുമ്പോള്‍ വേനല്‍ അതിന്റെ ഇന്ദ്രജാലത്തിന്റെ വൃത്തം പൂര്‍ത്തിയാക്കും.

ഭൂമിയിലാകെ വേനല്‍ മാത്രം. അതിന്റെ നിഴല്‍പ്പാതയിലൂടെ വിയര്‍ത്തും പഴിച്ചും പോവുന്ന നട്ടുച്ചകള്‍ മാത്രം. സ്വര്‍ണവര്‍ണം തെറിച്ചു വീഴുന്ന വൈകുന്നേരത്തെ മഞ്ഞ വെയില്‍ മാത്രം കാലങ്ങള്‍ക്കപ്പുറത്തുനിന്ന് മഴയുടെ നിശ്ശബ്ദമായ വരവിന്റെ പാട്ടുകള്‍ മൂളുന്നു. കാലം മാറുകയാണ് വേനലും മാറുന്നു. പത്തോ പതിനഞ്ചോ വർഷം മുമ്പത്തെ വേനൽ അല്ല ഇന്ന് …….മഴ പോലെ വസന്തം പോലെ മഞ്ഞ് പോലെ വേനലിനെ സ്നേഹിച്ച ഒരു തലമുറ ഉണ്ടായിരുന്നു. അതിന് കാവ്യ ചാരുത നൽകി കവിതകളായി പകർന്ന കവികൾ ഉണ്ടായിരുന്നു..
വേനൽ കാല സൂര്യന്റെ കിരണങ്ങളാൽ വരണ്ടുണങ്ങിയ ഭൂമിയുടെ ദാഹം ശമിപ്പിക്കാൻ കവികൾ വേനലിനെ കുറിച്ച് പല കവിതകൾ എഴുതിയിരുന്നു….

സൂര്യനെ പ്രണയിച്ച സൂര്യകാന്തി

വേനലിന്റെ ഏറ്റവും വലിയ ഭംഗികളിലൊന്നാണ് സൂര്യകാന്തി. വേനലിൽ നിറയെ പൂത്തു നിൽക്കുന്ന സൂര്യകാന്തി പൂക്കൾ പകരുന്നത് വേനൽ സൗന്ദര്യമാണ്.

-ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌ –

ജി ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതയാണ് “സൂര്യകാന്തി’. സൂര്യനോടുള്ള സൂര്യകാന്തിപ്പൂവിന്റെ തീവ്രവും നിസ്വാർഥവുമായ പ്രണയമാണ് ഈ കവിതയുടെ പ്രമേയം. വെളിച്ചത്തെയും ചൂടിനെയും പ്രണയിച്ച്, ഒടുവിൽ ആ പ്രണയത്തിൽ എരിഞ്ഞുതീരുന്ന പൂവിന്റെ വികാരങ്ങളാണ് കവി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. സൂര്യൻ അസ്തമിക്കുമ്പോൾ പോലും ആ പ്രകാശത്തിനായ് കാത്തിരിക്കുന്ന സൂര്യകാന്തിയെ വേനലിനോടുള്ള ഏറ്റവും ഉദാത്തമായ പ്രണയമായാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. വേനൽ എന്നത് പ്രകൃതിയിലെ നിത്യമായ സത്യമാണ്. സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന സൂര്യകാന്തി വേനലിന്റെ ഉത്തമ പ്രതീകമാണ്.

വേനൽ കുറിപ്പുകൾ

പോക്കുവെയിലിന്‍ നുറങ്ങുകളങ്ങിങ്ങ്
തീക്കനല്‍ പോലെ തിളങ്ങുന്നു
തീരത്തെ ആല്‍മരമായിരം പത്രങ്ങളാല്‍
വീശി ആകെ തളര്‍ന്നതുമാതിരി
അപ്പോഴും ഉണ്ണി മണല്‍ത്തരി
ഓരോന്നുമുള്ളിലെ ഉഷ്ണം വമിച്ച്
അതില്‍ത്തന്നെ കിടക്കുന്നു

ഒ എൻ വി കുറുപ്പിന്റെ “വേനൽക്കുറിപ്പുകൾ’ പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും അതിജീവനത്തെക്കുറിച്ചുള്ള മനോഹരമായ ആവിഷ്കാരമാണ്. വേനലിന്റെ കഠിനമായ ചൂടിലും മരിക്കാത്ത പ്രതീക്ഷയെയും, വരണ്ട പേരാറിന്റെ മണൽപ്പരപ്പിൽ പുതിയ തളിരുകൾ തേടുന്ന കവിമനസ്സും ഈ കവിതയിൽ ദൃശ്യമാണ്. പ്രകൃതിയുടെ മാറ്റങ്ങളെയും ജീവിതത്തിന്റെ നശ്വരതയെയും ലളിതമായ ഭാഷയിൽ കവി ഇതിൽ ചിത്രീകരിക്കുന്നു.

സുഗതകുമാരിയുടെ കണിക്കൊന്ന

വേനലുണക്കിയ ചില്ലയിൽ നിന്നും
ഞാനീ പൂക്കൾ വിടർത്തുന്നു
എന്നുടെ മിഴിയിലെ മൗനം നിറയും
കന്യകയാണു കണിക്കൊന്ന –

വേനൽ കാലത്തിനെ വരവേൽക്കാനെന്നപോൽ സ്വർണ ശോഭയോടെ നാട്ടുവഴികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന കൺകുളിർപ്പിക്കുന്ന കാഴ്ചയായി മാറുന്നതിനെ കുറിച്ച് സുഗതകുമാരി കണിക്കൊന്ന എന്ന കവിതയിൽ മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.
വേനൽക്കാലം കാർഷിക വിളകളുടെ ഉത്സവകാലമാണ്. ജീവിതത്തിന്റെ ആഘോഷ വേളകൾ എല്ലാം വേനൽക്കാലത്താണ്. എന്നാൽ ഉണർവിന്റെയും ഉന്മേഷത്തിന്റെയും കാലമായിരുന്ന ആ പഴയ വേനൽ ഇന്ന് കൈമോശം വന്നു കഴിഞ്ഞു. കാലം മാറുകയാണ്. അനിയന്ത്രിതമായ ഭൂമി ചൂഷണം വേനലിന്റെ സൗന്ദര്യത്തെ നശിപ്പിച്ചു. മണ്ണ് ചുട്ടുപൊള്ളുകയാണ്. കൃഷിയും സസ്യജാലങ്ങളും വെന്തുരുകുന്നു. ഭൂമി വിണ്ടുകീറി. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം താണ്ടുന്ന ജീവിതങ്ങൾ നിത്യ കാഴ്ചകളാകുന്നു.

വേനലിന്റെ നോവ്

മറന്നുപോയ്, മാപ്പരുൾക
തമസ്സിലിടപ്പെട്ട ഞാൻ
പ്രപഞ്ചത്തിന്റെ നാരായ –
വേരാം സത്യപ്രകാശമെ-

വേനൽക്കാലം സ്വപ്നങ്ങളുടെ ഒരു ശേഖരമായിരുന്നു. എന്നാൽ വേനൽക്കാലത്തെ സ്വപ്നം കണ്ടിരുന്ന കാലം ഇന്ന് പാടെ പോയ് മറഞ്ഞു. കരിഞ്ഞ മണ്ണും കുളിർമയില്ലാത്ത പ്രകൃതിയും ദാഹവും വരൾച്ചയും ഇന്നിന്റെ വേനലിനെ അസഹ്യമാക്കുന്നു. വേനൽ പെരുപ്പിന്റെ ചൂട് ഓരോ മൺത്തരിയെയും വറുത്തെടുക്കുകയാണ്. വേനൽ കാലങ്ങളിൽ മാത്രം പഴുക്കുന്ന ഫലങ്ങളുടെ സ്വാദിനെ പോലും വേനലിന്റെ വീണ്ടുകീറലിൽ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു.
വേനലുകളെ അന്നൊക്കെ സ്നേഹിക്കാനാകുമായിരുന്നു. അവ കാഠിന്യത്തിന്റെ നാക്കുനീട്ടി അന്നൊന്നും അലോസരപ്പെടുത്തില്ലായിരുന്നു. അന്ന് വേനൽ നയിച്ചിരുന്നത് ജീവിതച്ചൂടിലേക്കായിരുന്നു. ഇന്ന് മനുഷ്യന്റെ സ്വഭാവം മാറുന്നതു പോലെ പ്രകൃതിയും വേനലും മാറിക്കഴിഞ്ഞു.

സ്നേഹത്തെ പോലെ പ്രകൃതിയും വരണ്ടുപോയി. കാരുണ്യം കരിഞ്ഞുണങ്ങി. നഷ്ടപ്പെടലുകളുടെ കാട്ടുതീയിൽ നല്ലതെല്ലാം ഉരുകിത്തീരുകയാണ്.
ചൂഷണം ചെയ്യാൻ തുടങ്ങിയാൽ വജ്രായുധമെറിഞ്ഞ് നമ്മെ കുലത്തോടെ സൂര്യാഘാതത്തിന് എറിഞ്ഞുകൊടുക്കുന്ന മുൻശുണ്ഠിക്കാരനുമാണ് വെയിൽ.
കത്തുന്ന ദിനങ്ങൾക്കപ്പുറം ഒരു വേനൽ മഴ കൊതിച്ചു പോകുകയാണ്… കാലം മാറ്റിയ കഠിനമായ വേനലിൽ ജീവിതം അവസാനിക്കുന്നില്ല. വരണ്ട മണ്ണിലും ഒരു പുത്തൻ തളിരിനായി കാത്തിരിക്കാം.

എന്റെ വഴിയിലെ വെയിലിനും നന്ദി
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി
മിഴിച്ചുവപ്പിച്ച സൂര്യനും നന്ദി….!
.

 

 

---- facebook comment plugin here -----

Latest