Connect with us

From the print

സംസ്ഥാനതല ഉദ്ഘാടനം; സിറാജ് അക്ഷരദീപം വേങ്ങര അൽ ഇഹ്‌സാനിൽ തുടങ്ങി

വേങ്ങര അൽ ഇഹ്‌സാൻ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല നിർവഹിച്ചു.

Published

|

Last Updated

വേങ്ങര | പുതിയ അധ്യയനവർഷത്തെ സിറാജ് അക്ഷരദീപം വായനാ പദ്ധതിക്ക് തുടക്കം. വേങ്ങര അൽ ഇഹ്‌സാൻ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല നിർവഹിച്ചു. പാഠപുസ്തകത്തിനപ്പുറത്തുള്ള യാഥാർഥ്യങ്ങളെ നേരിട്ടറിയാൻ ഇക്കാലത്ത് പത്രവായനയും നല്ല നിരീക്ഷണവും വേണം. കേവല മത്സരങ്ങളുടെയും വിജയത്തിന്റെയും അപ്പുറത്ത് അറിവിന്റെ മഹാസമുദ്രത്തിലേക്കിറങ്ങാൻ വിദ്യാർഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം ആഴത്തിലുള്ള വായനയും അനിവാര്യമാണ്. ലഹരി ഉൾപ്പെടെയുള്ള ചതിക്കുഴികളിൽ നിന്ന് രക്ഷനേടാൻ സാമൂഹിക ബോധത്തിലൂന്നിയ പഠനമാണ് വേണ്ടത്. ഇക്കാര്യങ്ങളെല്ലാം കോർത്തിണക്കിയാണ് വിവിധ പംക്തികളിലായി സിറാജ് കുട്ടികളെ സമ്പന്നമാക്കുന്നതെന്നും അക്ഷരദീപം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സാമൂഹിക പ്രവർത്തകൻ സബാഹ് കുണ്ടുപുഴക്കൽ സ്‌കൂൾ ലീഡർ യു മുഹമ്മദ് ത്വാഹക്ക് പത്രം നൽകി പ്രകാശനം ചെയ്തു. അൽ ഇഹ്‌സാൻ പ്രസിഡന്റ് ടി ടി അഹ്മദ് കുട്ടി സഖാഫി പ്രാർഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സിറാജ് എഡിറ്റർ ഇൻ ചാർജ് ടി കെ അബ്ദുൽ ഗഫുർ പദ്ധതി വിശദീകരിച്ചു. അൽ ഇഹ്‌സാൻ മാനേജർ ഹാമിദ് മുസ്‌ലിയാർ എളമരം ആശംസ അർപ്പിച്ചു.
സിറാജ് മലപ്പുറം യൂനിറ്റ് മാനേജർ കെ പി ജമാൽ കരുളായി, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി എ അലിയാർ ഹാജി, ടി ടി അബ്ദുർറഹീം അഹ്‌സനി, സിറാജ് പരസ്യ വിഭാഗം മാനേജർ സിദ്ദീഖ് കൊളത്തൂർ, സർക്കുലേഷൻ മാനേജർ മുഹമ്മദ് കുട്ടി സഖാഫി പൂങ്ങോട്, റിപോർട്ടർ ടി മൊയ്തീൻകുട്ടി സംബന്ധിച്ചു. പ്രിൻസിപ്പൽ പി മുബാറക് സ്വാഗതവും വൈസ് പ്രിൻസിപ്പൽ അബ്ദുൽകലാം ആസാദ് നന്ദിയും പറഞ്ഞു.

Latest