Connect with us

International

ശ്രീലങ്ക കലാപത്തില്‍ കത്തുന്നു; ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു,210 പേര്‍ക്ക് പരുക്ക്

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

Published

|

Last Updated

കൊളംബോ | ആഭ്യന്തര കലാപം കനക്കുന്ന ശ്രീലങ്കയില്‍ ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 210 ആയി. ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ അനുകൂലികളും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകായണ്. രാജിക്ക് പിന്നാലെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് മഹിന്ദ രജപക്സെ ഉപേക്ഷിച്ചു. പ്രതിഷേധക്കാര്‍ ടെംപിള്‍ ട്രീസിന് മുന്നില്‍ തമ്പടിച്ചതോടെയാണ് മഹിന്ദ രജപക്സെ അവിടെ നിന്ന് മാറിയത്. സംഘര്‍ഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടിരുന്നു. അമരകീര്‍ത്തി അതുകോരളയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ 50 പേര്‍ക്കാണ് പരുക്കേറ്റത്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലി നടത്തിയിരുന്നു. തൊഴില്‍ ഇടങ്ങളില്‍ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയര്‍ത്തി. പൊതു ഗതാഗത സര്‍വീസുകളും തടസപ്പെട്ടു. വിദ്യാഥി സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചും അക്രമാസക്തമായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ ഇന്നലെയാണ് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതല്‍ത്തന്നെ രാജി ആവശ്യം ഉയര്‍ന്നിരുന്നു.