Connect with us

National

കോണ്‍ഗ്രസില്‍ ഭിന്നത; വിവാഹ പ്രായം ഇരുപത്തൊന്നായി ഉയര്‍ത്തുന്നതിനോട് യോജിക്കുന്നതായി പി ചിദംബരം

ബില്ലിനെ തള്ളുന്ന നിലപാടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തൊന്ന് വയസ്സായി ഉയര്‍ത്താനുള്ള ബില്ല് കേന്ദ്ര സര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ഭിന്നത. വിവാഹ പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്നതിനോട് യോജിക്കുന്നതായി മുതിര്‍ന്ന നേതാവ് പി ചിദംബരം വ്യക്തമാക്കി.

ബില്ല് അജണ്ടയില്‍ വന്ന ശേഷം നിലപാട് പറയാം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ബില്ലിനെ തള്ളുന്ന നിലപാടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമുണ്ടെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.

എന്നാല്‍ മുതിര്‍ന്ന നേതാവ് പി ചിദംബരം വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 21 ആയി നിശ്ചയിക്കണം എന്നാണ് നിലപാടെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വര്‍ഷം ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു ശേഷം 2023 മുതല്‍ ഇത് നടപ്പാക്കാം എന്നും ചിദംബരം പറയുന്നു.

ബില്ലിനോട് വിയോജിക്കുമ്പോഴും എതിര്‍ത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസിലുണ്ട്. ഇടതുപക്ഷവും മുസ്ലിംലീഗും എസ്പിയും എംഐഎമ്മും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ മൗനം തുടരുകയാണ്.

 

 

Latest