Connect with us

International

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികള്‍ തമ്മില്‍ ഏറ്റുമുട്ടി; 129 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മലങ് | ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനു ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 129 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബായ സുരാബായ എഫ് സിയും തമ്മിലുള്ള മത്സരത്തിനു പിന്നാലെയാണ്‌ സംഘര്‍ഷമുണ്ടായത്. ഈസ്റ്റ് ജാവയിലെ മലങിലാണ് സംഭവം.

മത്സരത്തില്‍ അരേമ എഫ് സിയാണ് വിജയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. പരാജയപ്പെട്ട പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടതോടെ അരേമയുടെ ആരാധകരും രംഗത്തിറങ്ങി. ഇത് ഇരു വിഭാഗവു തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. അക്രമികളെ തുരത്താന്‍ പോലീസ് കണ്ണീര്‍ വാതകമുള്‍പ്പെടെ പ്രയോഗിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഇന്തോനേഷ്യ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി സൈനുദ്ദീന്‍ അമാലി ഉത്തരവിട്ടു. സംഭവത്തെ തുടര്‍ന്ന് അടുത്താഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും മാറ്റിവെച്ചതായി ഇന്തോനേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.