Connect with us

International

സ്പേസ് എക്സ് ഉപഗ്രഹങ്ങള്‍ രണ്ട് തവണ ചൈനീസ് ബഹിരാകാശനിലയത്തിന് സമീപമെത്തിയതായി റിപ്പോര്‍ട്ട്

ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബര്‍ 21നുമാണ് സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്.

Published

|

Last Updated

ബെയ്ജിങ്| ചൈനയുടെ ബഹിരാകാശ നിലയത്തിന് അടുത്ത് രണ്ട് തവണ സ്‌പേസ് എക്‌സ് ഉപഗ്രഹങ്ങള്‍ എത്തിയതായി ഐക്യരാഷ്ട്രസഭക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൈന വെളിപ്പെടുത്തി. ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബര്‍ 21നുമാണ് സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്. അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാന്‍ നിര്‍ബന്ധിതരായെന്നും ചൈന അറിയിച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌പേസ് സ്‌റ്റേഷനായ ടിയാന്‍ഹെ കോര്‍ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്കെത്തിക്കാനുള്ള ദൗത്യം ഉള്‍പ്പടെ 2021ലെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐക്യരാഷ്ട്രസഭക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൈന അറിയിച്ചു. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവില്‍ 390 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയുടെ പരാതികളോട് സ്പേസ് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്‌പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെതിരെ ചൈനീസ് പൗരന്മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

 

Latest