National
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3,714 പേര്‍ക്ക്
കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തില്‍ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം

ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 3,714 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തില്‍ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരിടവേളക്ക് ശേഷം ഉയര്‍ന്ന് തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളം , മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീന്‍ ഉറപ്പാക്കാനും മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
അതേസമയം കേരളത്തില്‍ കൊവിഡ് കേസുകളിലെ വര്‍ധന തുടരുകയാണ്. ഇന്നലെ 1,494 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ എറണാകുളത്താണ് കൂടുതല്‍ കേസുകള്‍. 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 230 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.
തമിഴ്‌നാട്ടില്‍ ഇന്നലെ12 പേര്‍ക്ക് കൂടി കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബിഎ 4 നാലുപേര്‍ക്കും ബിഎ 5 എട്ടുപേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയില്‍ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയത്.