Connect with us

editorial

ശോഭ കരന്തലജെയുടെ വിദ്വേഷ പരാമര്‍ശം

വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാടിനെതിരായ പരാമര്‍ശം ശോഭ കരന്തലജെ തിരുത്തി. എന്നാല്‍ കേരളവിരുദ്ധ പരാമര്‍ശം പിന്‍വലിച്ചില്ല. കേരളത്തില്‍ തീവ്രവാദ ഫാക്ടറി പ്രവര്‍ത്തിക്കുന്നു, പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു തുടങ്ങി മുമ്പും കള്ളപ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട് ശോഭ കരന്തലജെ.

Published

|

Last Updated

കേരളത്തിനും തമിഴ്നാടിനുമെതിരായ ബി ജെ പി നേതാവ് ശോഭ കരന്തലജെയുടെ വിദ്വേഷ പ്രസംഗത്തില്‍ പുതുമയോ അത്ഭുതമോ ഇല്ല. തങ്ങള്‍ക്ക് സ്വാധീനം നേടാന്‍ കഴിയാത്ത സംസ്ഥാനങ്ങളെ ഇ ഡി, സി ബി ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതു പോലെ, പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്കെതിരായ അപവാദ-വിദ്വേഷ പ്രചാരണവും ബി ജെ പിയുടെ ഹിഡന്‍ അജന്‍ഡയുടെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി അത്യുന്നത ബി ജെ പി നേതാക്കള്‍ തന്നെ ഇവ്വിധം കേരളത്തെ താറടിക്കാന്‍ ശ്രമിച്ചതാണ്.

ബോംബുണ്ടാക്കാന്‍ പരിശീലനം നേടിയ തമിഴ്നാട്ടുകാര്‍ കര്‍ണാടകയിലെ കഫേയില്‍ ബോംബ് വെക്കുകയും കേരളക്കാര്‍ കര്‍ണാടകയിലെത്തി അവിടുത്തെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തുവെന്നായിരുന്നു കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോര്‍ത്ത് ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്തലജെ ആരോപിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബെംഗളൂരു രാമേശ്വരത്തെ കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമര്‍ശം. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാടിനെതിരായ പരാമര്‍ശം അവര്‍ തിരുത്തി. എന്നാല്‍ കേരളവിരുദ്ധ പരാമര്‍ശം പിന്‍വലിച്ചില്ല. കേരളത്തില്‍ തീവ്രവാദ ഫാക്ടറി പ്രവര്‍ത്തിക്കുന്നു, പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു തുടങ്ങി മുമ്പും കള്ളപ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട് ശോഭ കരന്തലജെ.

2016 മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള സന്ദര്‍ശനത്തിനിടെയാണ്, അടിസ്ഥാന വികസന രംഗത്ത് കേരളം സോമാലിയയേക്കാള്‍ മോശമാണെന്ന് തട്ടിവിട്ട് നരേന്ദ്ര മോദി കേരളത്തെ താറടിക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കേരള രാഷ്ട്രീയ നേതൃത്വങ്ങള്‍ പാര്‍ട്ടി ഭേദമില്ലാതെ പ്രതിഷേധിച്ചപ്പോള്‍, സംസ്ഥാന ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിയെ ന്യായീകരിക്കുകയായിരുന്നു. 2022ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ കന്നഡ ജില്ലയിലെ പുത്തൂരിലാണ് അമിത് ഷാ കേരളം തീവ്രവാദികളുടെ നാടാണെന്ന മട്ടില്‍ പ്രസംഗിച്ചത്. പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ്സ് മാറിയെന്നു പറഞ്ഞ ശേഷം, ‘നിങ്ങളുടെ തൊട്ടടുത്താണല്ലോ കേരളം, താന്‍ കൂടുതലൊന്നും പറയുന്നില്ലെ’ന്നായിരുന്നു കേരളത്തിനെതിരായ ഷായുടെ ഒളിയമ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കാസര്‍കോട്ട് പ്രസംഗിക്കവെ, കേരളം വികസനത്തില്‍ നന്നേ പിറകിലാണെന്നായിരുന്നു യോഗിയുടെ പ്രസ്താവം. കഴിഞ്ഞ വര്‍ഷം മെയില്‍ നാവിക സേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് കൊച്ചിക്കു സമീപം പുറംകടലില്‍ 25,000 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തപ്പോള്‍ കേരളം ലഹരിക്കടത്തുകാരുടെ താവളമെന്ന ദുഷ്പ്രചാരണം നടത്തി ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. ഇവ്വിധം കേരളത്തെ നിരന്തരം താറടിച്ചു കൊണ്ടിരിക്കുകയാണ് ബി ജെ പി-സംഘ്പരിവാര്‍ നേതാക്കള്‍.

എന്നാല്‍ ബി ജെ പി ഭരണത്തിന്‍ കീഴിലുള്ള ഉത്തര്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീവ്രവാദവും ഗുണ്ടായിസവും ബോംബ് സംസ്‌കാരവും നന്നേ കുറവാണ് കേരളത്തില്‍. കക്ഷിരാഷ്ട്രീയ വിദ്വേഷത്തിന്റെ ഭാഗമായി ചിലപ്പോള്‍ ബോംബ് സ്ഫോടനങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും നടക്കാറുണ്ടെങ്കിലും വംശീയ-വര്‍ഗീയ ആക്രമണങ്ങള്‍ മതേതര കേരളത്തിന് അത്ര പരിചിതമല്ല. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ബി ജെ പിയും ആര്‍ എസ് എസും ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്. 1993ല്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ ബോംബ് പൊട്ടി ശ്രീകാന്ത് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ പോലീസ് മേധാവി പത്രക്കാരോട് പറഞ്ഞത്, ‘മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു’വെന്നായിരുന്നു. തൊട്ടടുത്ത ദിവസം നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കു നേരേ ബോംബെറിഞ്ഞ് നിഷ്‌കളങ്കരായ കുരുന്നുകളെ ഇരയാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍ എസ് എസ് ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആ ബോംബ് നിര്‍മാണമെന്നാണ് പോലീസ് കണ്ടെത്തിയത്.

2002 ഡിസംബര്‍ അഞ്ചിന് മലപ്പുറം ജില്ലയിലെ കരുളായി കൊയലമുണ്ടയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ ബോംബ് സ്ഫോടനം നടന്നു. പോലീസ് അന്വേഷണത്തില്‍ പിടിയിലായത് അന്നത്തെ ബി ജെ പി പഞ്ചായത്ത് സെക്രട്ടറിയും സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ മകനുമായിരുന്നു. പിറ്റേദിവസം- ഡിസംബര്‍ ആറിന് മൂത്തേടം ശിവക്ഷേത്രത്തില്‍ ബോംബ് വെച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍ എസ് എസ് പദ്ധതിയാണ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയതോടെ ചീറ്റിപ്പോയത്. ഇങ്ങനെ കേരളത്തില്‍ എന്നെങ്കിലും വര്‍ഗീയ സംഘര്‍ഷമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് തിരികൊളുത്തിയത് ബി ജെ പിയോ സംഘ്പരിവാര്‍ സംഘടനകളോ ആയിരിക്കും. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ മുഖം തിരിച്ചാണ് അമിത് ഷായെയും ശോഭ കരന്തലജെയെയും പോലുള്ളവര്‍ കേരളീയ സമൂഹത്തെ തീവ്രവാദികളും അക്രമികളുമായി ചാപ്പകുത്തുന്നത്.

വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗ, പ്രചാരണങ്ങള്‍ക്കെതിരെ സുപ്രീം കോടതി പലപ്പോഴും മുന്നറിയിപ്പ് നല്‍കുകയും അത് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി കൈക്കൊള്ളാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ഭരണകക്ഷിയുടെ ഒത്താശയോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത് എന്നതാണ് വിരോധാഭാസം.

 

 

 

 

---- facebook comment plugin here -----

Latest